ലക്‌നൗ: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി  ഉത്തര്‍പ്രദേശില്‍ രൂപവത്കരിച്ച മഹാസഖ്യം തകര്‍ച്ചയിലേക്ക്‌. സമാജവാദി പാര്‍ട്ടിയും ബഹുജന്‍ സമാജ് പാര്‍ട്ടിയും തമ്മിലുള്ള സഖ്യം അവസാനിച്ചേക്കുമെന്ന് ബിഎസ്പി നേതാവ് മായാവതി സൂചന നല്‍കി. വരാനിരിക്കുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ 11 മണ്ഡലങ്ങളിലും തനിച്ച് മത്സരിക്കുമെന്ന് മായാവതി വ്യക്തമാക്കി.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എസ്പിയുമായുള്ള സഖ്യംകൊണ്ട് ബിഎസ്പിക്ക് പ്രയോജനം ലഭിച്ചില്ലെന്നാണ് ബിഎസ്പി വിലയിരുത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. യാദവ വോട്ടുകള്‍ ബിഎസ്പിക്ക് ലഭിച്ചില്ല. അഖിലേഷിന്റെ കുടുംബക്കാരായ എസ്പി സ്ഥാനാര്‍ഥികള്‍ക്കു പോലും യാദവ വോട്ടുകള്‍ നേടാന്‍ സാധിച്ചില്ലെന്ന് മായാവതി ആരോപിച്ചു. 

ശിവപാല്‍ യാദവും കോണ്‍ഗ്രസും ചേര്‍ന്ന് യാദവ വോട്ടുകള്‍ ഭിന്നിപ്പിക്കുകയും സഖ്യത്തിന് അത് തിരിച്ചടിയാവുകയും ചെയ്തുവെന്ന്‌ ബിഎസ്പി വിലയിരുത്തി. ഈ സാഹചര്യത്തിലാണ് ഉപതിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ മായാവതി തീരുമാനിച്ചിരിക്കുന്നത്. ഡല്‍ഹിയില്‍ നടന്ന ബിഎസ്പി നേതാക്കളുടെ യോഗത്തിലാണ് മായാവതി തീരുമാനം പ്രഖ്യാപിച്ചത്.

മഹാസഖ്യമായി മത്സരിച്ചിട്ടും ഏറ്റവും തിരിച്ചടി നേരിട്ടത്‌ അഖിലേഷ് യാദവിന്റെ എസ്പിക്കാണ്. അഖിലേഷിന്റെ ഭാര്യ ഡിംപിള്‍ യാദവ്, ബന്ധുക്കളായ അക്ഷയ്, ധര്‍മേന്ദ്ര യാദവ് എന്നിവര്‍ പരാജയപ്പെട്ടു. അഞ്ചു സീറ്റുകള്‍ മാത്രമാണ് എസ്പിക്ക് നേടാനായത്. അതേസമയം, 2014ല്‍ ഒറ്റ സീറ്റും നേടാന്‍ കഴിയാതെ പോയ ബിഎസ്പിക്ക് ഇത്തവ 10 സീറ്റുകള്‍ നേടാന്‍ സാധിച്ചു.

2022ല്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ബിഎസ്പി-എസ്പി സഖ്യം ഒരുമിച്ച് മത്സരിക്കുമെന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്കു ശേഷവും അഖിലേഷ് യാദവ് വ്യക്തമാക്കിയിരുന്നു.

Content Highlights: Mayawati Says BSP Will Fight Bypolls Alone, mahagathbandhan, Akhilesh Yadav, SP, BSP