ന്യൂഡല്‍ഹി: കാബൂള്‍ ഇന്ത്യന്‍ എംബസിയുടെ സൂപ്പര്‍ കാവല്‍ക്കാര്‍ മായയും ബോബിയും റൂബിയും ഡല്‍ഹിയിലെ പുതിയ വാസസ്ഥലത്തെത്തി. ഗുജറാത്ത് ജമ്‌നാനഗറിലെ വ്യോമസേനാ വിമാനത്താവളത്തില്‍ നിന്ന് ഡല്‍ഹിയിലെ ഇന്തോ-തിബറ്റന്‍ ബോഡര്‍ പോലീസിന്റെ ചാവ്‌ല ക്യാംപിലെത്തിയ മൂവരും ഐടിബിപിയുടെ കമാന്‍ഡോ സമാനപദവി അലങ്കരിക്കുന്ന സ്‌നിഫര്‍ നായകളാണ്. മൂന്ന് കൊല്ലമായി കാബൂളിലെ ഇന്ത്യന്‍ എംബസിയെ ധീരതയോടെയും വിശ്വസ്തയോടെയും സംരക്ഷിച്ചിരുന്നത് കെ9 എന്ന ഐടിബിപിയുടെ കനൈന്‍വിങ്ങിലെ ഈ മൂവര്‍സംഘമാണ്. 

എംബസിയിലേക്കെത്തുന്ന റേഷനും മറ്റ് വസ്തുക്കളും ഇവരുടെ സൂക്ഷ്മപരിശോധനയ്ക്ക് ശേഷമാണ് അകത്തേക്ക് കടത്തി വിട്ടിരുന്നത്. കൂടാതെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടന്നു വന്നിരുന്ന എംബസിക്കുള്ളിലേക്ക് സ്‌ഫോടകവസ്തുക്കള്‍ എത്തുന്നില്ലെന്ന് മായയും ബോബിയും റൂബിയും കൃത്യമായി ഉറപ്പുവരുത്തിയിരുന്നു. കാബൂളിലെ ഔദ്യോഗിക ജീവിതത്തിനിടയില്‍ നിരവധി സന്ദര്‍ഭങ്ങളില്‍ സ്‌ഫോടകവസ്തുക്കളുടെ സാന്നിധ്യം തിരിച്ചറിയുന്നതിലൂടെ എംബസി ഉദ്യോഗസ്ഥരുടെ മാത്രമല്ല എംബസിയില്‍ ജോലിക്കെത്തിയിരുന്ന പല അഫ്ഗാന്‍കാരുടേയും ജീവന്‍ കാക്കുന്നതിലും ഇവര്‍ പങ്കുവഹിച്ചു. 

ഹെഡ് കോണ്‍സ്റ്റബിള്‍മാരായ കിഷന്‍ കുമാര്‍, ബിജേന്ദര്‍ സിങ്, അതുല്‍ കുമാര്‍ എന്നീ ഉദ്യോഗസ്ഥര്‍ക്കായിരുന്നു മൂവരുടേയും മേല്‍നോട്ടചുമതല. അഫ്ഗാനിലേക്ക് തിരിക്കുന്നതിന് മുമ്പ് ഹരിയാണയിലെ പഞ്ച്കുല എന്‍ടിസിഡി ഭാനു ഡോഗ് ട്രെയിനിങ് സ്‌കൂളില്‍ നിന്ന് ഇവയ്ക്ക് പ്രത്യേക പരിശീലനം ലഭിച്ചിരുന്നു. വ്യോമസേനാവിമാനത്തില്‍ അഫ്ഗാനില്‍ നിന്നുള്ള പ്രത്യേക ഒഴിപ്പിക്കല്‍ ദൗത്യത്തിന്റെ ഭാഗമായി  ഇന്ത്യയില്‍ തിരിച്ചെത്തിയ ഈ ധൈര്യശാലികള്‍ സുപരിചിതമായ കാഴ്ചകളും മണവും ആസ്വദിച്ച് നിലവില്‍ ഏറെ സന്തുഷ്ടരാണ്. 

ലാബ്രഡോര്‍ വിഭാഗത്തില്‍ പെട്ട നായയാണ് മായ. ബോബി ഡോബര്‍മാന്‍ ഗണത്തിലും റൂബി മാലിനോയ്‌സ് ഗണത്തിലും പെടുന്നു. കാബൂളില്‍ നിന്ന് തിരിച്ചെത്തിയതിന് പിന്നാലെ കാബൂളിലെ സ്തുത്യര്‍ഹ സേവനത്തിന് അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങുകയാണ് ഈ ഹീറോകള്‍. ഐടിബിപിയുടെ യശസ്സുയര്‍ത്തിയ കെ 9 ടീമിനേയും അവരുടെ മേല്‍നോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥരേയും ഐജി ഈശ്വര്‍ സിങ് ദുഹാന്‍ പ്രത്യേകം അഭിനന്ദിച്ചു. 

 

Content Highlights: Maya, Bobby and Roobi The Three Sniffer Dogs Guarded Indian Embassy In Kabul