ഭോപ്പാല്‍: മധ്യപ്രദേശ് രാഷ്ട്രീയത്തെയും കോണ്‍ഗ്രസിനെയും പ്രതിസന്ധിയിലാക്കി ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയില്‍ ചേക്കേറിയ സംഭവത്തില്‍ പ്രതികരണവുമായി മുതിര്‍ന്ന കാണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്. ബി.ജെ.പിയില്‍ ചേരാന്‍ തിരുമാനമെടുത്ത ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് എല്ലാ ആശംസയും നേരുന്നുവെന്ന്‌ ദിഗ്‌വിജയ് സിങ് പറഞ്ഞു. ബിജെപിയില്‍ സിന്ധ്യയെ ദൈവം രക്ഷിക്കട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഡല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡയില്‍ നിന്നാണ് സിന്ധ്യ ബിജെപി അംഗത്വം സ്വീകരിച്ചത്. പാര്‍ട്ടിയിലേക്ക് തന്നെ ക്ഷണിച്ച നേതാക്കള്‍ക്ക് നന്ദി പറയുന്നുവെന്ന് അംഗത്വം സ്വീകരിച്ചതിനു ശേഷം സിന്ധ്യ പറഞ്ഞു. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും അധ്യക്ഷന്‍ ജെ.പി നഡ്ഡയും എന്നെ അവരുടെ കുടുംബത്തിലേക്ക് ക്ഷണിച്ചു, ഒരു സ്ഥാനം നല്‍കി. അതിന് താന്‍ നന്ദി പറയുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. 

ചൊവ്വാഴ്ച രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷമാണ് ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്കു രാജിക്കത്തയച്ചത്. തൊട്ടുപിന്നാലെ സിന്ധ്യയെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കുന്നതായി കോണ്‍ഗ്രസ് പത്രക്കുറിപ്പിറക്കി. 

മുന്‍ കേന്ദ്രമന്ത്രിയും നാലുതവണ എം.പി.യുമായ ജ്യോതിരാദിത്യ സിന്ധ്യയുടെ പേര് രാഹുല്‍ ഒഴിഞ്ഞശേഷം പാര്‍ട്ടി ദേശീയ അധ്യക്ഷപദവിയിലേക്കുവരെ പറഞ്ഞുകേട്ടിരുന്നു. അച്ഛനും കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മാധവറാവു സിന്ധ്യയുടെ 75-ാം ജന്മവാര്‍ഷികദിനത്തിലാണ് 49 വയസ്സുകാരനായ സിന്ധ്യ കോണ്‍ഗ്രസ് വിട്ടത്.

15 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം 2018-ല്‍ സംസ്ഥാനത്ത് അധികാരത്തില്‍ തിരിച്ചെത്തിയതുമുതല്‍ നിലനിന്ന അതൃപ്തിക്കൊടുവിലാണ് ഗ്വാളിയര്‍ രാജകുടുംബത്തിലെ ഇളംമുറക്കാരന്റെ കൂറുമാറ്റം. തന്നെ തഴഞ്ഞ് മുഖ്യമന്ത്രിപദം കമല്‍നാഥിനു നല്‍കിയതായിരുന്നു ഭിന്നതയ്ക്കു കാരണം. ബി.ജെ.പി. സിന്ധ്യക്കു കേന്ദ്രമന്ത്രിസ്ഥാനം വാഗ്ദാനംചെയ്തതായാണറിയുന്നത്.

Content Highlights: May God Keep Jyotiraditya Scindia Safe In BJP says Digvijaya Singh