ന്യൂഡല്‍ഹി: ഭീകരതയുടെ അടിസ്ഥാനത്തിലുള്ള ഒരു സാമ്രാജ്യം കുറച്ചുകാലം ആധിപത്യം സ്ഥാപിച്ചാലും അതിന്റെ നിലനില്‍പ്പ് ഒരിക്കലും ശാശ്വതമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യു.എസ്. പിന്‍മാറ്റത്തെ തുടര്‍ന്ന് അഫ്ഗാനിസ്താന്റെ നിയന്ത്രണം താലിബാന്‍ പിടിച്ചെടുത്തതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.

'ഭീകരതയുടെ അടിസ്ഥാനത്തില്‍ ഒരു സാമ്രാജ്യം കെട്ടിപ്പടുക്കണമെന്ന ചിന്തയുള്ള, നശീകരണ ശക്തികള്‍, ഒരു നിശ്ചിത കാലയളവില്‍, കുറച്ചുകാലം ആധിപത്യം സ്ഥാപിച്ചേക്കാം, പക്ഷേ, അതിന്റെ നിലനില്‍പ്പ് ശാശ്വതമല്ല, മനുഷ്യരാശിയെ ദീര്‍ഘകാലം അടിച്ചമര്‍ത്താനാകില്ല.' മോദി പറഞ്ഞു.

ഗുജറാത്തിലെ പ്രശസ്തമായ സോമനാഥ ക്ഷേത്രത്തിന്റെ വിവിധ പദ്ധതികള്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മോദി. 

സോമനാഥ ക്ഷേത്രവും അവിടുത്തെ വിഗ്രഹങ്ങളും പല തവണ നശിപ്പിക്കപ്പെട്ടു. അതിന്റെ അസ്തിത്വം തുടച്ചുനീക്കാനുള്ള ശ്രമങ്ങള്‍ നടന്നു. പക്ഷേ, എല്ലാ വിനാശകരമായ ആക്രമണങ്ങള്‍ക്കും ശേഷം ആത്മീയതയ്ക്ക് ആത്മവിശ്വാസം നല്‍കുന്ന തരത്തില്‍ അത് അതിന്റെ പൂര്‍ണ്ണ പ്രതാപത്തില്‍ ഉയര്‍ന്നുവെന്നും മോദി പറഞ്ഞു.

ഇതിനിടെ യുഎസ്-നാറ്റോ സഖ്യത്തിന് സഹായം ചെയ്തവരെ കണ്ടെത്തുന്നതിന് താലിബാന്‍ വീടുകള്‍ തോറും കയറി ഇറങ്ങുകയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. താലിബാന്‍ ഇക്കാര്യം നിഷേധിക്കുകയാണ്. ആളുകളുടെ സ്വകാര്യതകളിലേക്ക് കടക്കില്ലെന്നാണ് അവരുടെ ആവര്‍ത്തിച്ചുള്ള പ്രസ്താവനകള്‍.

Content Highlights: May Dominate for Some Time But Not Always, Says PM Modi taliban