'അവളിപ്പോള്‍ ഞങ്ങളുടെ മാത്രം മകളല്ല, രാജ്യത്തിന്റെ മകളാണ്, ഇന്നലെ മുതല്‍ നിരവധി അഭിനന്ദനസന്ദേശങ്ങള്‍ ഞങ്ങളെ തേടിയെത്തുന്നുണ്ട്, ഞാനേറെ അഭിമാനിക്കുന്നു'-മകള്‍ മാവ്യ സൂദന്റെ നേട്ടത്തിലെ ആനന്ദവും അഭിമാനവും മാധ്യമങ്ങളോട് പങ്കു വെച്ച് വിനോദ് സൂദന്‍ പറഞ്ഞു. 

ജമ്മു കശ്മീരിലെ രജോറിയില്‍നിന്നുള്ള ആദ്യ വ്യോമസേനാ വനിതാ ഫൈറ്റര്‍ പൈലറ്റാണ് ഇരുപത്തിനാലുകാരിയായ മാവ്യ സൂദന്‍. ശനിയാഴ്ച ഹൈദരാബാദിന് സമീപം ദുണ്ഡിയാലിലെ എയര്‍ഫോഴ്‌സ് അക്കാദമിയില്‍ നടന്ന കമ്പൈന്‍ഡ്‌ ഗ്രാജുവേഷന്‍ പാസ്സിങ് ഔട്ട് പരേഡിലാണ് മാവ്യ ഫ്‌ളൈയിങ് ഓഫീസറായി കമ്മീഷന്‍ ചെയ്തത്. ഇന്ത്യന്‍ വ്യോമസേനയിലെ പന്ത്രണ്ടാമത്തെ വനിതാ ഫൈറ്റര്‍ പൈലറ്റാണ് മാവ്യ. 

വ്യോമസേനയില്‍ ചേരാനും ഫൈറ്റര്‍ പൈലറ്റാവാനും സ്‌കൂള്‍ കാലം മുതല്‍ തന്നെ മാവ്യ  അതിയായി ആഗ്രഹിച്ചിരുന്നതായി സഹോദരി മാന്യത സൂദന്‍ പറഞ്ഞു. അനുജത്തിയെ കുറിച്ച് അഭിമാനിക്കുന്നതായും അവളുടെ സ്വപ്‌നം സാക്ഷാത്ക്കരിക്കപ്പെട്ടതില്‍ വളരെ സന്തോഷമുണ്ടെന്നും മാന്യത കൂട്ടിച്ചേര്‍ത്തു. രാജ്യത്തിന്റെ എല്ലാ ഭാഗത്ത് നിന്നുമുള്ളവര്‍ അവളെ പിന്തുണയ്ക്കുന്നു, പ്രോത്സാഹിപ്പിക്കുന്നു. ഇത് മറ്റുള്ളവര്‍ക്കും പ്രചോദനമാകട്ടെയെന്നും മാവ്യ കൂടുതല്‍ ഉയരങ്ങളിലെത്തട്ടെയെന്നും മാന്യത പ്രതികരിച്ചു.  

പെണ്‍കുട്ടികള്‍ക്കും എല്ലാം പ്രാപ്യമാണെന്നും അതു കൊണ്ട് തന്നെ എല്ലാ മാതാപിതാക്കളും തങ്ങളുടെ പെണ്‍മക്കളേയും പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും വേണമെന്ന് വിനോദ് സൂദന്‍ പറഞ്ഞു. മകള്‍ കഠിനപ്രയത്‌നത്തിലൂടെ തന്റെ ലക്ഷ്യം നേടിയതായി അമ്മ സുഷമ സൂദന്‍ പറഞ്ഞു. തങ്ങള്‍ക്ക് അഭിമാനിക്കാവുന്ന നേട്ടത്തില്‍ മാവ്യ എത്തിച്ചേര്‍ന്നതിലുള്ള ആഹ്‌ളാദവും അവര്‍ പങ്കു വെച്ചു. പ്രദേശത്തുള്ളവരൊക്കെ ഏറെ സന്തോഷത്തിലാണെന്ന് മാവ്യയുടെ മുത്തശ്ശി പുഷ്പാദേവി പറഞ്ഞു. 

നിലവില്‍ വ്യോമസേനയില്‍ 11 ഫൈറ്റര്‍ പൈലറ്റുമാരുണ്ട്. 2016 ലാണ് ആദ്യ മൂന്ന് വനിതാ ഫ്‌ളൈയിങ് ഓഫീസര്‍മാര്‍ വ്യോമസേനയിലെത്തിയത്. മിഗ്-21 ഉള്‍പ്പെടെയുള്ള സൂപ്പര്‍ സോണിക് വിമാനങ്ങള്‍ പറത്താനും മറ്റ് മുന്‍നിര യുദ്ധപരിശീലനങ്ങളും വനിതാ ഓഫീസര്‍മാര്‍ക്കും വ്യോമസേന നല്‍കുന്നുണ്ട്. ഓരു ഫൈറ്റര്‍ പൈലറ്റിന്റെ പരിശീലനത്തിനായി 15 കോടിയോളം രൂപയാണ് ചെലവ്. 

ഫ്‌ളൈയിങ് ഓപറേഷനില്‍ അടിസ്ഥാന പരിശീലനം നേടിയ മാവ്യയ്ക്ക് ഇനി ഒരു കൊല്ലം കഠിനമായ പരിശീലനത്തിന്റെ കാലമാണ്. അത് കൂടി പൂര്‍ത്തിയായാല്‍ മാവ്യ സൂദന്‍ഫൈറ്റര്‍ പൈലറ്റെന്ന നിലയില്‍ പൂര്‍ണമായും സജ്ജയാവും. ജമ്മു കശ്മീരില്‍ നിന്നുള്ള ആദ്യ വനിതാ ഫൈറ്റര്‍ പൈലറ്റായ മാവ്യയ്ക്ക് സാമൂഹിക മാധ്യമങ്ങളിലൂടെ അഭിനന്ദനപ്രവാഹമാണ്. 

Content Highlights: Mawya Sudan the first woman fighter pilot in IAF from Rajouri Jammu Kashmir