വാരണാസി: അധിക ബാഗേജിന്റെ പേരില്‍ മൗറീഷ്യസ് പ്രസിഡന്റ് പൃഥിരാജ് സിങ് രൂപനെ വാരാണസി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചു. ഡല്‍ഹിയിലേയ്ക്ക് യാത്ര ചെയ്യുകയായിരുന്ന പൃഥിരാജ് സിങ് രൂപന്‍ അധിക ബാഗേജിന്റെ പണമടക്കണെന്നും ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. ആറംഗ സംഘത്തിനൊപ്പം രണ്ടുദിവസത്തെ വാരാണസി സന്ദര്‍ശനത്തിന് എത്തിയതായിരുന്നു പൃഥിരാജ്.

അധിക ബാഗേജിന് പിഴ നല്‍കിയാല്‍ മാത്രമേ രൂപനെ കടത്തിവിടൂ എന്ന് ഒരു എയര്‍ ഇന്ത്യ ജോലിക്കാരന്‍ പറഞ്ഞതായി ലാല്‍ ബഹദൂര്‍ ശാസ്ത്രി അന്തരാഷ്ട്ര വിമാനത്താവളത്തിലെ ഒരു ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു. സംഭവം വിമാനത്താവള ഡയറക്ടര്‍ ആകാശ്ദീപ് മേത്തര്‍ സ്ഥിരികരിച്ചിട്ടുണ്ട്. സംഭവത്തില്‍ അടിയന്തിരമായ ഇടപെട്ടിട്ടുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. ജില്ലാ കളക്ടര്‍  കൗശല്‍ ശര്‍മയും എയര്‍ ഇന്ത്യ ജീവനക്കാരോട് സംസാരിച്ചു. 

നടപടിക്രമങ്ങള്‍ അനുസരിച്ച് മാത്രമേ പ്രവര്‍ത്തിക്കാനാകൂ എന്നാണ് എയര്‍ ഇന്ത്യ ജീവനക്കാര്‍ പ്രതികരിച്ചത്. ഇതേ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ വ്യോമയാന മന്ത്രി, എയര്‍ ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരുമായി ബന്ധപ്പെട്ടു. വിശിഷ്ടാതിഥികളോട് അധിക ബാഗേജിന് ചാര്‍ജ് ഈടാക്കരുതെന്ന് ഇവര്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്ന് ബാഗേജുകള്‍ വിട്ടുനല്‍കി. 

അധിക ബാഗേജിന് തുക നല്‍കണമെന്ന് എയര്‍ ഇന്ത്യ ജോലിക്കാര്‍ ആവശ്യപ്പെട്ടതായും എന്നാല്‍ പിന്നീട് മുകളില്‍ നിന്ന് ലഭിച്ച നിര്‍ദേശത്തെ തുടര്‍ന്ന് തുക ഈടാക്കാതെ തന്നെ ബാഗേജ് വിട്ടുനല്‍കിയതായും എയര്‍ ഇന്ത്യ മാനേജര്‍ ആതിഫ് ഇദ്രിഷ് പറഞ്ഞു.

Content Highlights: Mauritius president stopped at Varanasi airport over excess luggage