ഷബിത എം.കെ, ശ്രീലക്ഷ്മി മേനോൻ, റോസ് മരിയ വിൻസന്റ്
ന്യൂഡൽഹി: രാംനാഥ് ഗോയങ്ക എക്സലന്‍സ് ഇൻ ജേണലിസം പുരസ്കാരം മാതൃഭൂമി ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച പരമ്പരയ്ക്ക്. പ്രാദേശികഭാഷകളിലെ മികച്ച റിപ്പോര്‍ട്ടിങ്ങിനുള്ള 2020-ലെ പുരസ്‌കാരമാണ് മാതൃഭൂമി ഓൺലൈൻ വിഭാഗം സബ് എഡിറ്റർ ഷബിത എം.കെ, ഇതേ വിഭാഗത്തിലെ കണ്ടന്റ് റൈറ്ററായ ശ്രീലക്ഷ്മി മേനോൻ, ഗൃഹലക്ഷ്മി സബ് എഡിറ്റർ റോസ് മരിയ വിൻസന്റ് എന്നിവർക്ക് ലഭിച്ചത്. മാതൃഭൂമി ഡോട് കോമിൽ 2020 ഡിസംബർ 12 മുതൽ 31 വരെ എട്ടുലക്കങ്ങളായി പ്രസിദ്ധീകരിച്ച 'കണ്ണടയ്ക്കാനാവില്ല, പിടിമുറുക്കിക്കഴിഞ്ഞു ബാലപീഡകർ' എന്ന അന്വേഷണാത്മക പരമ്പരയ്ക്കാണ് പുരസ്കാരം.
ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്‌കാരം ബുധനാഴ്ച ഡല്‍ഹിയില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് വിതരണംചെയ്തു. കുട്ടികൾക്കിടയിൽ വർധിച്ചുവരുന്ന ലൈംഗിക ചൂഷണം, മാനസികവും സാമൂഹികവുമായ പശ്ചാത്തലം, പീഡോഫീലിയക്കിരയായവർ അനുഭവിക്കുന്ന ട്രോമ, സൈക്യാട്രിസ്റ്റ്, ഫോറൻസിക് വിദഗ്ധരുടെ നിരീക്ഷണങ്ങൾ, ആരോഗ്യമന്ത്രിയുടെ പ്രതികരണം, ചൈൽഡ് ഹെൽപ് ലൈൻ, സൈബർ ഡോം, കേരള പോലീസ്, പീഡോഫൈൽ പ്രതികളുടെ ജയിൽ പശ്ചാത്തലം തുടങ്ങിയവയെക്കുറിച്ച് സമഗ്രമായി പ്രതിപാദിക്കുന്ന അന്വേഷണ പരമ്പരയിൽ വീഡിയോ, ഓഡിയോ, ലേഖനം എന്നീ മാധ്യമങ്ങളുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തിയിരുന്നു.
കോഴിക്കോട് സ്വദേശിനിയും എഴുത്തുകാരിയുമായ ഷബിത ബാലുശേരി പുതിയേടത്ത് ബാലൻ നായരുടെയും അത്തോളി മുണ്ടികണ്ടി ഉഷാദേവിയുടെയും മകളാണ്. സജീഷ് ഗോവിന്ദ് ആണ് ഭർത്താവ്. തൃശൂർ കുന്നംകുളം സ്വദേശിനിയായ ശ്രീലക്ഷ്മി മേനോൻ കിഴക്കേടത്ത് മണിയുടെയും മഞ്ഞളാവിൽ ശാന്തിയുടെയും മകളാണ്. ഇടുക്കി കട്ടപ്പന സ്വദേശിനിയായ റോസ് മരിയ വിൻസെന്റ് നടുവിലേക്കുറ്റ് വിൻസെന്റിന്റെയും എൽസമ്മയുടെയും മകളും മാതൃഭൂമി യാത്ര മാഗസിൻ വിഷ്വലൈസർ കെ. ആർ അരുൺ കുമാറിന്‍റെ ഭാര്യയുമാണ്.
Content Highlights: mathrubhumi wins ramnath goenke award
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..