കോട്ടയം: ഡോ.മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പൊലീത്ത ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷനാകും. എപ്പിസ്‌കോപ്പല്‍ സുന്നഹദോസില്‍ ഇതുസംബന്ധിച്ച് തീരുമാനമായി. മാനേജിങ് കമ്മിറ്റി ഔദ്യോഗികമായി മലങ്കര അസോസിയേഷന് മെത്രാപ്പൊലിത്തയുടെ പേര് നിര്‍ദേശിക്കും. ഔദ്യോഗിക പ്രഖ്യാപനം നാളെയുണ്ടാകും. 

സഭാ ആസ്ഥാനമായ കോട്ടയം ദേവലോകത്ത് ഇന്നു ചേര്‍ന്ന സിനഡില്‍ സഭയിലെ 24 മെത്രാപ്പൊലീത്തമാര്‍ പങ്കെടുത്തു. സിനഡ് ഏകകണ്ഠമായാണ് മാത്യൂസ് മാര്‍ സേവേറിയോസിനെ നാമനിര്‍ദേശം ചെയ്തത്. ഒക്‌ടോബര്‍ 14ന് പരുമലയില്‍ ചേരുന്ന മലങ്കര അസോസിയേഷന്‍ യോഗം സിനഡ് നിര്‍ദേശം അംഗീകരിക്കുന്നതോടെ അടുത്ത കാതോലിക്ക ബാവയും മലങ്കര മെത്രാപ്പൊലീത്തയുമായി മാത്യൂസ് മാര്‍ സേവേറിയോസ് അവരോധിക്കപ്പെടും. 

കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപനാണ് മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പൊലീത്ത. 1949ല്‍ കോട്ടയം വാഴൂരിലാണ് അദ്ദേഹത്തിന്റെ ജനനം. 1978ല്‍ വൈദികനായി. 1993ലാണ് കണ്ടനാട് വെസ് ഭദ്രാസനത്തിന്റെ മെത്രാപ്പൊലീത്തയായി തിരഞ്ഞെടുത്തത്. മുന്‍ സഭാ സുന്നഹദോസ് സെക്രട്ടിയായും സേവനം അനുഷഠിച്ചിട്ടുണ്ട്.

പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ കാലം ചെയ്തതോടെയാണ് ഓര്‍ത്തഡോക്‌സ് സഭ പുതിയ അധ്യക്ഷനെ കണ്ടെത്താനുള്ള നടപടികള്‍ ആരംഭിച്ചത്.

content highlights: mathews mar severios elected as catholica bava