മേട്ടുപ്പാളയം ഊട്ടി പൈതൃക തീവണ്ടിപ്പാതയിൽ ഉണ്ടായ മണ്ണിടിച്ചിൽ
മേട്ടുപ്പാളയം: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയ കൂനൂരിന് താഴെ പെയ്ത മഴയിൽ പൈതൃക തീവണ്ടിപ്പാതയിൽ വൻ മണ്ണിടിച്ചിൽ. നിരവധി സ്ഥലങ്ങളിലാണ് പാതയിൽ മണ്ണിടിച്ചിൽ ഉണ്ടായത്. മരങ്ങളും വൻപാറകളും പാളങ്ങളിൽ നിന്ന് നീക്കാൻ സാധിക്കാത്ത കാരണം ബുധനാഴ്ച മേട്ടുപ്പാളയത്തിൽ നിന്ന് ഊട്ടിയിലേക്കുള്ള തീവണ്ടി സർവീസ് പൂർണമായും റദ്ദാക്കി. വൈകിട്ട് വരെ പാതയിൽ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാൻ സാധിക്കാത്തതോടെയാണ് വെള്ളിയാഴ്ച വരെ മേട്ടുപ്പാളയം കൂനൂർ പാതയിൽ യാത്ര റദ്ദാക്കിയത്. അറ്റകുറ്റപ്പണികൾ പൂർത്തിയായി എൻജിനീയറിങ് വകുപ്പ് അനുമതി നൽകിയാൽ മാത്രമാണ് പാതയിൽ ഗതാഗതം പുനഃസ്ഥാപിക്കുക എന്ന് റെയിൽവേ വൃത്തങ്ങൾ അറിയിച്ചു.
മേട്ടുപ്പാളയത്തിൽ നിന്ന് രാവിലെ 7.10-ന് പുറപ്പെട്ട തീവണ്ടി കല്ലാർ സ്റ്റേഷനിൽ എത്തിയപ്പോഴാണ് മുൻപേ നടന്നുപോയ ജീവനക്കാർ മണ്ണിടിച്ചിൽ ഉണ്ടായ കാര്യം അറിയിച്ചത്. തുടർന്ന് പാതയിൽ നിന്നും നീക്കാൻ ശ്രമിച്ചെങ്കിലും ഹിൽഗ്രോവിനും അഡർലിക്കും മധ്യേ കൂടുതൽ സ്ഥലങ്ങളിൽ തടസങ്ങൾ കണ്ടെത്തിയതോടെ അധികാരികൾക്ക് വിവരങ്ങൾ കൈമാറി. തീവണ്ടി റദ്ദാക്കിയതായി വിവരം ലഭിച്ചതോടെ കല്ലാറിൽ നിന്നും തീവണ്ടി മേട്ടുപ്പാളയത്തിലേക്ക് തിരിച്ചെത്തിച്ചു. 180 ഓളം യാത്രക്കാർക്കും ടിക്കറ്റ് തുക തിരിച്ചു നൽകുമെന്ന് റെയിൽവേ അറിയിച്ചു. ഇവർക്ക് മേട്ടുപ്പാളയത്ത് നിന്ന് ഊട്ടിയിലേക്ക് ബസുകളിൽ യാത്ര ചെയ്യാൻ സൗകര്യം ഏർപ്പെടുത്തി.
ചൊവ്വാഴ്ച അർധരാത്രിയിൽ മേട്ടുപ്പാളയം കൂനൂർ ദേശീയപാതയിൽ 12 ഓളം സ്ഥലങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടായതിനെത്തുടർന്ന് രാത്രി ഒരുമണിയോടെ ഇതുവഴിയുള്ള റോഡ് ഗതാഗതം റദ്ദാക്കിയ ശേഷം പൂർണമായും വഴിതിരിച്ചുവിട്ടു. മേട്ടുപ്പാളയത്തുനിന്ന് കോത്തഗിരി റോഡ് വഴി മാത്രമാണ് രാവിലെ വരെ വാഹനങ്ങളെ കടത്തിവിട്ടത്. സംസ്ഥാനത്ത് കൂനൂരിലാണ് 33 സെന്റീമീറ്റർ മഴ 24 മണിക്കൂറിനകം പെയ്തത്.

Content Highlights: Massive landslide on Coonoor heritage railway service cancelled
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..