ബിഹാറിൽ തകർന്നു വീണ പാലം | ഫോട്ടോ: twitter.com/airnewsalerts
പട്‌ന: ബിഹാറില്‍ നിര്‍മാണത്തിലിരുന്ന നാലുവരി പാലം തകര്‍ന്നുവീണു. ഗംഗാനദിക്കു കുറുകെ അഗുവാണിഗാട്ടിനും സുല്‍ത്താന്‍ഗഞ്ചിനുമിടയില്‍ നിര്‍മിക്കുന്ന പാലമാണ് പൊളിഞ്ഞു വീണത്. അപകടത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പാലം തകർന്നുവീഴുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്.
ഗുരുതരമായ വീഴ്ചയാണുണ്ടായതെന്നും പാലം തകരാനുണ്ടായ സാഹചര്യം അന്വേഷിച്ച് കുറ്റക്കാരെ ശിക്ഷിക്കുമെന്നും സുല്‍ത്താന്‍ഗഞ്ച് എം.എല്‍.എ ലളിത് കുമാര്‍ മണ്ഡല്‍ വ്യക്തമാക്കി. പാലം തകര്‍ന്നു വീഴാനുണ്ടായ കാരണം അന്വേഷിച്ചുവരികയാണെന്നും നിര്‍മാണചുമതലയുള്ള എന്‍ജിനീയര്‍മാരുമായി സംസാരിച്ചെന്നും ഭഗല്‍പുര്‍ എസ്.ഡി.ഒ ധനഞ്ജയ് കുമാറും അറിയിച്ചു.
കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ പാലത്തിന്റെ ഒരു ഭാഗത്തെ തൂണുകള്‍ തകര്‍ന്നുവീണിരുന്നു. വീണ്ടും അപകടം ആവര്‍ത്തിച്ചതോടെ പാലത്തിന്റെ നിര്‍മാണം അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
2014-ല്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറായിരുന്നു പാലത്തിന്റെ നിര്‍മാണോദ്ഘാടനം നിർവഹിച്ചത്. പാലത്തിന്‍റെ നിര്‍മാണത്തില്‍ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന് ആരോപണവുമായി നിരവധിപേര്‍ രംഗത്തെത്തിയിട്ടുണ്ട്.
Content Highlights: massive four lane bridge in bihar collapses
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..