ന്യൂഡല്‍ഹി: കുട്ടികളിലെ കോവിഡ് ചികിത്സ സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. അഞ്ച് വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികള്‍ മാസ്‌ക് ധരിക്കേണ്ടെന്ന് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. ആറ് മുതല്‍ 11 വയസ്സ് പ്രായമുള്ള കുട്ടികള്‍ക്ക് രക്ഷിതാക്കളുടെ നിരീക്ഷണത്തിലും ഡോക്ടര്‍മാരുടെ നിര്‍ദേശത്തിനും ശേഷം മാസ്‌ക് ധരിക്കാം

12 വയസ്സിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നും ഡയറക്ടറേറ്റ് ജനറല്‍ മെഡിസിന്‍ ഓഫ് ഹെല്‍ത്ത് ആന്റ് ഫാമിലി വെല്‍ഫെയര്‍ പുറത്തിറക്കിയ നിര്‍ദേശത്തില്‍ പറയുന്നു. 

കോവിഡ് ബാധിച്ച, ലക്ഷണങ്ങളില്ലാത്ത കുട്ടികളിലെ സ്റ്റിറോയിഡ് ഉപയോഗം ശുപാര്‍ശ ചെയ്യുന്നില്ല. ലക്ഷണങ്ങളോട് കൂടി മിതമായ അണുബാധയുള്ളവര്‍ക്ക് ഓക്‌സിജന്‍ തെറാപ്പി നല്‍കണം. 18 വയസില്‍ താഴെയുള്ളവരില്‍ റെംഡിസിവര്‍ ഉപയോഗത്തിന് പാര്‍ശ്വഫലങ്ങളുണ്ടോ എന്നതില്‍ പഠനം നടക്കുന്നതേയുള്ളൂ അതിനാല്‍ 18 വയസില്‍ താഴെയുള്ളവരില്‍ റെഡിംസിവര്‍ ഉപയോഗിക്കേണ്ടതില്ല എന്നാണ് ഡിജിഎച്ച്എസ് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നത്. 

 ചെറിയ രോഗലക്ഷണമുള്ളവര്‍ക്ക് പാരസെറ്റമോള്‍ ഡോക്റുടെ നിര്‍ദേശമനുസരിച്ച് നല്‍കാമെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസ് പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. സിടി സ്‌കാന്‍ പരിശോധന കുറയ്ക്കണമെന്നും നിര്‍ദേശമുണ്ട്.

Content Highlights: Masks not recommended for children below 5 years, DGHS reviews COVID-19 guidelines