ന്യൂഡല്‍ഹി: കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതോടെ ഇന്ത്യയിലെ ജനങ്ങള്‍ ജാഗ്രത കൈവെടിയാതെ മുന്നോട്ടുപോകുമെന്ന് പ്രതീക്ഷിക്കുന്നതായി ലോകാരോഗ്യ സംഘടനയിലെ ചീഫ് സയന്റിസ്റ്റ് ഡോ. സൗമ്യ സ്വാമിനാഥന്‍. നിലവില്‍ ആധികാരികമായി ഒന്നും പറയാനാകില്ല. എങ്കിലും ഡെല്‍റ്റയെക്കാള്‍ കൂടുതല്‍ വ്യാപനശേഷി ഒമിക്രോണ്‍ വകഭേദത്തിനുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടി. 

ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കൂടുതല്‍ വിവരങ്ങള്‍ അറിയാനാകും. മറ്റ് കോവിഡ് വകഭേദങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ പുതിയ വകഭേദത്തിന്റെ സ്വഭാവ സവിശേഷതകള്‍ മനസിലാക്കുന്നതിന് കൂടുതല്‍ പഠനങ്ങള്‍ ആവശ്യമായിവരും. മാസ്‌കുകള്‍ ഉപയോഗിക്കുന്നതില്‍ ശ്രദ്ധ വേണം. മാസ്‌കുകളെ 'പോക്കറ്റിലെ വാക്‌സിനുകള്‍' എന്ന് വിളിക്കാം. അടച്ചിട്ട സ്ഥലങ്ങളിള്‍ മാസ്‌കുകള്‍ വളരെ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും അവര്‍ എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

എല്ലാ മുതിര്‍ന്നവര്‍ക്കും പൂര്‍ണ്ണമായി വാക്സിനേഷന്‍ നല്‍കുക, കൂട്ടം കൂടുന്നത് ഒഴിവാക്കുക, വ്യാപകമായ ജീനോം സീക്വന്‍സിങ്, കേസുകളില്‍ അസാധാരണമായ വര്‍ധന സൂക്ഷ്മമായി നിരീക്ഷിക്കുക എന്നിവയാണ് 'ഒമിക്രോണിനെതിരെ' പ്രതിരോധത്തിനുള്ള ശാസ്ത്രജ്ഞരുടെ നിര്‍ദ്ദേശങ്ങള്‍. ആശങ്കയുടെ പുതിയ വകഭേദമായ ഒമിക്രോണിനെ നേരിടാന്‍ ശാസ്ത്രാധിഷ്ഠിത തന്ത്രം മെനയേണ്ടത് ആവശ്യമാണ്. രാജ്യത്തെ പൊതുജനാരോഗ്യ നടപടികള്‍ തുടരണം. വാക്സിനേഷന് തന്നെയാണ് കൂടുതല്‍ മുന്‍ഗണന നല്‍കേണ്ടത്.

ഒമിക്രോണ്‍ ധാരാളം ജനിതകമാറ്റങ്ങള്‍ വന്നിട്ടുള്ള ഒരു വകഭേദമാണ്. ഒരു ജീവിയുടെ ജനിതക ഘടന കണ്ടെത്തുന്ന പ്രക്രിയയായ ജീനോം സീക്വന്‍സിംഗ് കോവിഡിനെതിരായ പോരാട്ടത്തില്‍ പ്രധാനമായ ആയുധമായി തന്നെ തുടരും. യാത്രകള്‍ നിരോധിച്ചതുകൊണ്ട് മുമ്പും കോവിഡ് വ്യാപനം തടഞ്ഞുനിര്‍ത്താന്‍ കഴിയാഞ്ഞതിനാല്‍ അപകടസാധ്യത അടിസ്ഥാനമാക്കിയുള്ള സമീപനം ആവശ്യമാണ്. യാത്രാ നിരോധനങ്ങള്‍ താല്‍ക്കാലികം ആയിരിക്കണമെന്നും ഇടയ്ക്കിടെ അവലോകനം നടത്തേണ്ട വിഷയമാണിതെന്നും അവര്‍ അഭിപ്രായപ്പെട്ടു

ലോകാരോഗ്യ സംഘടന 'ആശങ്കയുടെ വകഭേദം' എന്ന് പരാമര്‍ശിച്ച ഒമിക്രോണ്‍ വകഭേദം, കോവിഡിന്റെ മുന്‍ വകഭേദങ്ങളേക്കാള്‍ കൂടുതല്‍ അപകടകാരിയായ ഒന്നാണ്. എന്നാല്‍ മറ്റ് വകഭേദങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് ഗുരുതരമായ കോവിഡ് കേസുകള്‍ സൃഷ്ടിക്കുമോ ഇല്ലയോ എന്ന കാര്യത്തില്‍ ഇതുവരെ കൃത്യമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. രണ്ട് വര്‍ഷങ്ങളായി തകര്‍ന്ന് നില്‍ക്കുന്ന സാമ്പത്തിക രംഗം വീണ്ടെടുക്കുന്നതിന് ഒണിക്രോണ്‍ ഭീഷണിയാകുമെന്ന ഭയത്താല്‍ ഇതിനോടകം തന്നെ മിക്ക രാജ്യങ്ങളും തിടുക്കപ്പെട്ട് യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

Content Highlights: masks are vaccines in your pocket says who chief scientist soumya swaminathan