ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും ഉയരമുള്ള റെയില്‍പാലത്തിന്റെ നിര്‍മാണം ജമ്മു കശ്മീരില്‍ ഉടന്‍ പൂര്‍ത്തിയാകും. കമാനാകൃതിയുള്ള പാലത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ മൂന്ന് കൊല്ലം മുമ്പാണ് ആരംഭിച്ചത്. ചെനാബ് നദിയ്ക്ക് കുറുകെ നിര്‍മിക്കുന്ന പാലത്തിന് രാജ്യത്തിന്റെ ഇതരഭാഗങ്ങളുമായി കശ്മീരിനെ ബന്ധിപ്പിക്കാന്‍ സഹായിക്കും. കമാനത്തിന് 467 മീറ്റര്‍ നീളമുള്ള പാലം നദിയില്‍ നിന്ന് 359 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. 

'അദ്ഭുതകരമായ അടിസ്ഥാനസൗകര്യം അണിഞ്ഞൊരുങ്ങുന്നു' എന്ന കുറിപ്പോടെയാണ് ചെനാബ് പാലത്തിന്റെ ചിത്രം കേന്ദ്ര റെയില്‍വെ മന്ത്രി പീയുഷ് ഗോയല്‍ ട്വിറ്ററില്‍ ഷെയര്‍ ചെയ്തത്. പാലത്തിന്റെ ഉരുക്കു കമാനത്തിന്റെ നിര്‍മാണം അവസാനഘട്ടത്തിലാണെന്നും നിര്‍മാണപ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ മറ്റൊരു നാഴികക്കല്ല് കൂടി ഇന്ത്യന്‍ റെയില്‍വെ സ്വന്തമാക്കുകയാണെന്നും ഗോയല്‍ ട്വീറ്റില്‍ രേഖപ്പെടുത്തി. ലോകത്തിലെ ഏറ്റവും ഉയരമുള്ള റെയില്‍പാലമാണിതെന്നും അദ്ദേഹം കുറിച്ചു. 

2017 നവംബറില്‍ നിര്‍മാണം ആരംഭിച്ച പാലത്തിന് 1250 കോടി രൂപയാണ് നിര്‍മാണ ചെലവ്. പാരിസിലെ ഈഫല്‍ ടവറിനേക്കാള്‍ 35 മീറ്റര്‍ ഉയരമുണ്ട് ഈ പാലത്തിന്(നദിയില്‍ നിന്നുള്ള ഉയരം). പാലത്തിന്റെ ആകെ നീളം 1,315 മീറ്ററാണ്. 17 തൂണുകള്‍ പാലത്തിനെ താങ്ങി നിര്‍ത്തുന്നു. 

റിക്ടര്‍ സ്‌കെയിലില്‍ എട്ട് വരെയുള്ള ഭൂചലനത്തെ അതിജീവിക്കാനുള്ള ശേഷി പാലത്തിനുണ്ടെന്ന് അധികൃതര്‍ പറയുന്നു. കൂടാതെ ശക്തിയേറിയ സ്‌ഫോടനങ്ങളെ അതിജീവിക്കാനും പാലത്തിന് ശേഷിയുണ്ട്. ഭീകരാക്രമണത്തേയും ഭൂചലനത്തേയും പ്രതിരോധിക്കാന്‍ സഹായകമായ സുരക്ഷാസംവിധാനവും പാലത്തില്‍ സജ്ജമാക്കിയിട്ടുണ്ട്. 

കശ്മീര്‍ റെയില്‍വെ പദ്ധതിയില്‍ പെടുന്ന ഉധംപുര്‍-ശ്രീനഗര്‍-ബാരാമുള്ള സെക്ഷന്റെ ഭാഗമായ കത്രയ്ക്കും ബനിഹാലിനും ഇടയിലെ 111 കിലോമീറ്ററിനെ ബന്ധിപ്പിക്കുന്ന പ്രധാന കണ്ണിയാകും ചെനാബ് പാലം. 2004 ല്‍ പാലത്തിന്റെ പ്രാരംഭ നിര്‍മാണപ്രവര്‍ത്തനം ആരംഭിച്ചെങ്കിലും ഈ മേഖലയിലെ അതീവചലനവേഗതയുള്ള കാറ്റ് വീശുന്നത് യാത്രക്കാര്‍ക്ക് അപകടകരമായേക്കുമെന്ന നിഗമനത്തില്‍ നിര്‍മാണം നിര്‍ത്തി വെച്ചിരുന്നു. 

 

Content Highlights: Marvel In Making Piyush Goyal Updates On World's Highest Rail Bridge