ന്യൂഡല്‍ഹി: മാര്‍ക്ക് ജിഹാദ് ആരോപണം ഉയര്‍ന്നതിന് പിന്നാലെ സംസ്ഥാന ബോര്‍ഡുകളില്‍ നിന്നുള്ള പ്രവേശന നടപടികള്‍ പഠിക്കാന്‍ സമിതിയെ നിയോഗിച്ച് ഡല്‍ഹി സര്‍വകലാശാല. കേരളത്തില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് സര്‍വകലാശാലയില്‍ ഈ വര്‍ഷം വന്‍തോതില്‍ പ്രവേശനം ലഭിച്ച സാഹചര്യത്തിലാണ് മാര്‍ക്ക് ജിഹാദ് ആരോപണം ഉയര്‍ന്നത്.

ഇതേക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാവും അടുത്ത വര്‍ഷത്തെ പ്രവേശനമെന്ന് സര്‍വകലാശാലാ അധികൃതര്‍ വ്യക്തമാക്കി. പ്രവേശനം സംബന്ധിച്ച കാര്യങ്ങള്‍ സമിതി പരിശോധിക്കും. തുടര്‍ന്ന് അക്കാഡമിക് കൗണ്‍സിലിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. സമിതിയുടെ നിര്‍ദേശങ്ങള്‍ പരിഗണിച്ച് അക്കാഡമിക് കൗണ്‍സിലാവും അടുത്ത വര്‍ഷത്തേക്കുള്ള പ്രവേശന നടപടികളില്‍ തീരുമാനമെടുക്കുക എന്നാണ് അധികൃതര്‍ വ്യക്തമാക്കിയിട്ടുള്ളത്.

ഡല്‍ഹി യൂണിവേഴ്സിറ്റിയിലെ കിരോരി മാള്‍ കോളേജിലെ പ്രൊഫസര്‍ രാകേഷ് കുമാര്‍ പാണ്ഡെയാണ് കേരളത്തില്‍ മാര്‍ക്ക് ജിഹാദാണെന്നാണ് സാമൂഹ്യ മാധ്യമത്തിലൂടെ ആരോപിച്ചത്. ആര്‍എസ്എസുമായി ബന്ധമുള്ള നാഷണല്‍ ഡെമോക്രാറ്റിക് ടീച്ചേഴ്സ് ഫ്രണ്ടിന്റെ മുന്‍ പ്രസിഡന്റ് കൂടിയാണ് പാണ്ഡെ. കൂടുതല്‍ മലയാളി വിദ്യാര്‍ഥികള്‍ ഇത്തവണ ആദ്യത്തെ കട്ട്ഓഫില്‍ തന്നെ ഡല്‍ഹി സര്‍വകലാശാലയില്‍ പ്രവേശനം നേടിയതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. കേരളത്തില്‍ നിന്ന് ഡല്‍ഹി സര്‍വകലാശാലയിലേക്ക് കൂടുതല്‍ അപേക്ഷകള്‍ വന്നത് അസ്വാഭാവികമാണെന്നും പാണ്ഡെ ആരോപിച്ചു.

"കേരളത്തില്‍ ലൗ ജിഹാദ് ഉള്ളതുപോലെ മാര്‍ക്ക് ജിഹാദുമുണ്ട്.  രണ്ടോ മൂന്നോ വര്‍ഷമായി നടക്കുന്ന സംഘടിതമായ ഗൂഢനീക്കത്തിന്റെ ഭാഗമാണിത്. ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയില്‍ പരീക്ഷിച്ച അതേ നടപടിയാണ് ഇടതുപക്ഷം ഡല്‍ഹി സര്‍വകലാശാലയിലേക്ക് വ്യാപിപ്പിക്കാന്‍ ശ്രമിക്കുന്നത്. ഓണ്‍ലൈന്‍ പരീക്ഷയായതിനാല്‍ കഴിഞ്ഞ ലോക്ഡൗണ്‍ സമയത്ത് 100 ശതമാനം മാര്‍ക്ക് കിട്ടുന്നതില്‍ അത്ഭുതമില്ല. എന്നാല്‍ അതിനുമുമ്പുള്ള സാഹചര്യങ്ങളിലും മലയാളി വിദ്യാര്‍ഥികള്‍ സംസ്ഥാന ബോര്‍ഡ് പരീക്ഷകളില്‍ 100 ശതമാനം മാര്‍ക്ക് നേടുന്നത് ഇത്തരത്തിലുള്ള ഗൂഢപദ്ധതിയുടെ ഭാഗമാണ്'' - രാകേഷ് കുമാര്‍ ആരോപിച്ചു. 

അധ്യാപകന്റെ വിവാദ പരാമര്‍ശത്തിനെതിരേ വിവിധ വിദ്യാര്‍ഥി സംഘടനകളും അധ്യാപക സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. അതേസമയം തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്നാണ് രാകേഷ് കുമാര്‍ പാണ്ഡെ പറയുന്നത്. അതിനിടെ, 'മാര്‍ക്ക് ജിഹാദ്' പരാമര്‍ശം നടത്തിയ പ്രൊഫസര്‍ രാകേഷ് കുമാര്‍ പാണ്ഡെയ്ക്കെതിരേ നടപടി ആശ്യപ്പെട്ട് മന്ത്രി വി.ശിവന്‍കുട്ടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കും ഡല്‍ഹി സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ക്കും കത്തയച്ചിരുന്നു. കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്കെതിരേയുള്ള വര്‍ഗീയതയും വംശീയതയും നിറഞ്ഞ പരാമര്‍ശമാണിതെന്ന് മന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി. ക്രിമിനല്‍ നിയമപ്രകാരവും വകുപ്പുതലത്തിലും പ്രൊഫസര്‍ക്കെതിരേ നടപടി വേണമെന്നും മന്ത്രി ആവശ്യപ്പെട്ടിരുന്നു.

Content Highlights: Delhi University, Mark Jihad