ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വീട്ടിലേക്കുള്ള മാര്‍ച്ചിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് ഷഹീന്‍ബാഗ് സമരക്കാര്‍ നടത്താനിരുന്ന മാര്‍ച്ച് റദ്ദാക്കി. ഇതോടെ പൗരത്വഭേദഗതി പ്രക്ഷോഭകര്‍ തിരികെ സമരപ്പന്തലിലേക്ക് മടങ്ങി. 

ഞാറാഴ്ച ഉച്ചകഴിഞ്ഞ് ആരംഭിച്ച മാര്‍ച്ച് സമരപന്തലില്‍ നിന്ന് അമ്പത് മീറ്ററോളം മാത്രമാണ് മുന്നോട്ട് പോയത്. പോലീസ് ബാരിക്കേഡ് വെച്ച് സമരക്കാരെ തടഞ്ഞതോടെ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്ന 'ഷഹീന്‍ ബാഗ് ദാദീസ്' എന്നറിയപ്പെടുന്ന മുതിര്‍ന്ന സ്ത്രീകള്‍ പോലീസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. മാര്‍ച്ചിന് അനുമതി തേടിയുള്ള ഇവരുടെ അപേക്ഷ ന്യൂഡല്‍ഹി എസിപിയ്ക്ക് കൈമാറിയിട്ടുണ്ടെന്നും എന്നാല്‍ ഇതുമായി ബന്ധപ്പെട്ട യാതൊരു സ്ഥിരീകരണവും ലഭിച്ചിട്ടില്ലെന്നും പോലീസ് സമരക്കാരെ അറിയിച്ചു.

ഇതോടെ പോലീസിന്റെ വിലക്ക് ലംഘിച്ച് മാര്‍ച്ചുമായി മുന്നോട്ട് പോകേണ്ടെന്നും സമാധാനപരമായി തന്നെ സമരവുമായി മുന്നോട്ട് പോകാമെന്നും പ്രക്ഷോഭകര്‍ തീരുമാനിക്കുകയായിരുന്നു. ഇതോടെ മാര്‍ച്ച് അവസാനിപ്പിച്ച് ഇവര്‍ സമരപ്പന്തലിലേക്കുതന്നെ മടങ്ങി. 

ദേശീയ പൗരത്വനിയമ ഭേദഗതിയ്‌ക്കെതിരെ ഡല്‍ഹിയിലെ ഷഹീന്‍ബാഗില്‍ സ്ത്രീകളുടെ നേതൃത്വത്തില്‍ രണ്ടുമാസത്തോളമായി സമരം നടന്നുവരികയാണ്. സര്‍ക്കാര്‍ തങ്ങളുമായി ചര്‍ച്ച നടത്തണമെന്നാണ് ഇവരുടെ പ്രധാന ആവശ്യങ്ങളിലൊന്ന്. ഇതേ ആവശ്യം ഉന്നയിച്ചാണ് ഇവര്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ വസതിയിലേക്ക് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചത്. 

അനുമതിയില്ലാതെയാണ് മാര്‍ച്ച് നടത്തുന്നതെന്നും തടയുമെന്നും മാര്‍ച്ച് ആരംഭിക്കുന്നതിന് മുമ്പ് തന്നെ പോലീസ് വ്യക്തമാക്കിയിരുന്നു. പ്രദേശത്ത് പോലീസ് രണ്ട് ബാരിക്കേഡുകള്‍ സ്ഥാപിക്കുകയും സുരക്ഷയ്ക്ക് സി.ആര്‍.പി.എഫ് ഉള്‍പ്പെടെ കൂടുതല്‍ സുരക്ഷാസംഘത്തെ നിയോഗിക്കുകയും ചെയ്തിരിന്നു.

Content Highlight: Marching to Amit Shah's house Shaheen Bagh Protesters march stopped