മരട് ഫ്‌ളാറ്റ് (ഫയൽ ചിത്രം) |ഫോട്ടോ: മാതൃഭൂമി
ന്യൂഡല്‍ഹി: മരടിലെ ഫ്‌ളാറ്റ് ഉടമകള്‍ക്ക് നല്‍കേണ്ട നഷ്ടപരിഹാര തുകയുടെ പകുതിയെങ്കിലും കെട്ടിവയ്ക്കാന്‍ ഫ്‌ളാറ്റ് നിര്‍മ്മാതാക്കളോട് സുപ്രീം കോടതി നിര്‍ദേശിച്ചു. പണം കെട്ടിവച്ചില്ലങ്കില്‍ റവന്യു റിക്കവറിക്ക് ഉത്തരവിടും എന്ന് ജസ്റ്റിസ് നവീന്‍ സിന്‍ഹ അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കി. അടുത്ത ബുധനാഴ്ച കേസ് പരിഗണിക്കുന്നതിന് മുമ്പ് ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ നിലപാട് അറിയിക്കണം എന്നും കോടതി നിര്‍ദേശിച്ചു.
മരടിലെ പൊളിച്ച ഫ്‌ളാറ്റ് ഉടമകള്‍ക്ക് പ്രാഥമിക നഷ്ടപരിഹാരമായി നാല് നിര്‍മ്മാതാക്കളും കൂടി നല്‍കേണ്ടത് 61.50 കോടി രൂപയാണ്. എന്നാല്‍ ആകെ ലഭിച്ചത് 4.89 കോടി രൂപ മാത്രമാണെന്ന് ജസ്റ്റിസ് ബാലകൃഷ്ണന്‍ നായര്‍ സമിതി സുപ്രീം കോടതിയെ അറിയിച്ചു. 9.25 കോടി നല്‍കേണ്ട ഗോള്‍ഡന്‍ കായലോരത്തിന്റെ നിര്‍മ്മാതാക്കള്‍ നല്‍കിയത് 2.89 കോടി രൂപ ആണ്. പതിനഞ്ചര കോടി നല്‍കേണ്ട ജയിന്‍ ജയിന്‍ ഹൌസിങ് കണ്‍സ്ട്രക്ഷന്‍ നല്‍കിയത് രണ്ട് കോടി രൂപ മാത്രമാണ്.
17.5 കോടി നല്‍കേണ്ട ആല്‍ഫ സെറീന്‍, 19.25 കോടി നല്‍കേണ്ട ഹോളി ഫെയ്ത്ത് എന്നിവ ഇത് വരെ ഒരു രൂപയും നല്‍കിയിട്ടില്ല. ലഭിച്ച തുകയില്‍ 12030000 രൂപ കമ്മിറ്റിയുടെ ചെലവുകള്‍ക്കായി സംസ്ഥാന സര്‍ക്കാരിന് കൈമാറി. ബാക്കിയുള്ള 3.89 കോടി രൂപയില്‍ 3.75 കോടി രൂപ സ്ഥിരനിക്ഷേപം ആയി ബാങ്കില്‍ നിക്ഷേപിച്ചിട്ടുണ്ടെന്ന് സമിതി സുപ്രീം കോടതിയെ അറിയിച്ചു. നഷ്ടപരിഹാര തുക നല്‍കാന്‍ തങ്ങളുടെ വസ്തുക്കള്‍ വില്‍ക്കാന്‍ അനുവദിക്കണം എന്ന് ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ ഇന്നും കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇക്കാര്യം നേരത്തെ എന്തുകൊണ്ട് സമിതിക്ക് മുമ്പാകെ ഉന്നയിച്ചില്ല എന്നായിരുന്നു കോടതിയുടെ മറുചോദ്യം.
തീറാധാരം ഇല്ലാത്ത ഫ്‌ളാറ്റ് ഉടമകള്‍ക്കും നഷ്ടപരിഹാരത്തിന് അവകാശം ഉണ്ടെന്ന് സുപ്രീം കോടതി
മരടിലെ പൊളിച്ച ഫ്‌ളാറ്റുകളില്‍ തീറാധാരം ഇല്ലാത്ത 13 ഉടമകള്‍ ഉണ്ട്. എന്നാല്‍ ഫ്‌ളാറ്റ് വാങ്ങിയത്തിന്റെ കരാര്‍ പത്രം ഇവരുടെ പക്കലുണ്ട്. ഇവര്‍ക്ക് പുനരധിവാസത്തിന് ഉള്ള നഷ്ടപരിഹാരം നല്‍കണമോ എന്ന കാര്യത്തില്‍ സുപ്രീം കോടതി കോടതി തീരുമാനം എടുക്കണമെന്ന് ബാലകൃഷ്ണന്‍ നായര്‍ സമിതി കോടതിയോട് ആവശ്യപ്പെട്ടിരുന്നു. തീറാധാരം ഇല്ലാത്തവര്‍ക്കും നഷ്ടപരിഹാരത്തിന് അവകാശം ഉണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
തീരദേശ നിയമം ലംഘിച്ച് സംസ്ഥാനത്ത് പണിത അനധികൃത കെട്ടിടങ്ങളുടെ പട്ടിക കൈമാറാത്ത ചീഫ് സെക്രട്ടറിക്കെതിരെ കോടതി സമര്‍പ്പിച്ച കോടതി അലക്ഷ്യ ഹര്‍ജി പിന്നീട് പരിഗണിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സംവിധായകന്‍ മേജര്‍ രവി ആണ് കോടതി അലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തിരുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..