ന്യൂഡൽഹി: അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലിനെതിരേ സുപ്രീം കോടതിയില്‍ മരട് ഫ്ളാറ്റ് ഉടമകള്‍ റിട്ട് ഹര്‍ജി നൽകി. അഡീഷണല്‍ ചീഫ് സെക്രട്ടറി ടി കെ ജോസ്, തദ്ദേശ സ്വയംഭരണ സെക്രട്ടറി ഗോപാല കൃഷ്ണ ഭട്ട്, എറണാകുളം മുന്‍ കളക്ടര്‍ മുഹമ്മദ് സഫറുള്ള തുടങ്ങി എട്ട് പേര്‍ക്കെതിരേ കോടതി അലക്ഷ്യ നടപടികള്‍ക്ക് അറ്റോര്‍ണി ജനറല്‍ അനുമതി വൈകിപ്പിക്കുന്നു എന്ന് ആരോപിച്ചാണ് റിട്ട് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.

മരടിലെ ഫ്ളാറ്റുകള്‍ തീരദേശ നിയമം ലംഘിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ തദ്ദേശ സ്വയംഭരണ സെക്രട്ടറിയുടെ അധ്യക്ഷതയില്‍ മൂന്ന് അംഗ വിദഗ്ധ സമിതിക്ക് സുപ്രീം കോടതി രൂപം നല്‍കിയിരുന്നു. ചീഫ് മുന്‍സിപ്പല്‍ ഓഫീസര്‍, ജില്ലാ കളക്ടര്‍ എന്നിവര്‍ ആയിരുന്നു സമിതിയിലെ മറ്റ് അംഗങ്ങള്‍ എന്ന് കോടതി വ്യക്തമാക്കിയിരുന്നു. ഫ്‌ളാറ്റ് ഉടമകള്‍ ഉള്‍പ്പടെ എല്ലാവരുടെയും വാദം കേട്ട ശേഷം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആയിരുന്നു സുപ്രീം കോടതി നിര്‍ദേശിച്ചത്. 

എന്നാല്‍ ഈ നിര്‍ദേശങ്ങള്‍  അഡീഷണല്‍ ചീഫ് സെക്രട്ടറി ടി കെ ജോസ് ഉള്‍പ്പടെ ഉള്ളവര്‍ ലംഘിച്ചു എന്നാണ് ഫ്‌ളാറ്റ് ഉടമകളുടെ ആരോപണം. വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആണ് നാല് ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ ജസ്റ്റിസ് അരുണ്‍ മിശ്രയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് ഉത്തരവിട്ടത്.

വിദഗ്ധ സമിതിയില്‍ നിന്ന് സ്വയം വിട്ടു നിന്ന ടി കെ ജോസിനു പുറമെ, സമിതിക്ക് നേതൃത്വം നല്‍കിയ ഗോപാല കൃഷ്ണ ഭട്ട്, സമിതിയിലെ മറ്റ് അംഗങ്ങള്‍ എന്നിവര്‍ക്കെതിരേ ക്രിമിനല്‍ കോടതി അലക്ഷ്യ നടപടിക്ക് അനുമതി തേടി ആണ് ഫ്‌ളാറ്റ് ഉടമകള്‍ അറ്റോര്‍ണി ജനറലിനെ സമീപിച്ചത്. എന്നാല്‍ കെ കെ വേണുഗോപാല്‍ ഈ ആവശ്യം അംഗീകരിക്കുകയോ, നിരാക്കരിക്കുകയോ ചെയ്യുന്നില്ല എന്ന് ഫ്‌ളാറ്റ് ഉടമകള്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്ന റിട്ട് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

കോടതി അലക്ഷ്യ നിയമത്തിലെ 15ാം വകുപ്പ് പ്രകാരം അനുമതി നല്‍കാന്‍ അറ്റോര്‍ണി ജനറലിന് ബാധ്യത ഉണ്ട്. കോടതി ഉത്തരവ് ലംഘിച്ച ഉദ്യോഗസ്ഥര്‍ക്ക് എതിരെ ക്രിമിനല്‍ കോടതി അലക്ഷ്യ നടപടിക്ക് അനുമതി നല്‍കാന്‍ അറ്റോര്‍ണി ജനറലിനോട് നിർദേശിക്കണം എന്നും റിട്ട് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഗോള്‍ഡന്‍ കായലോരം ഫ്‌ളാറ്റിലെ റിത ശശിധരന്‍, മെറീന ജോര്‍ജ്, എം എല്‍ ജോര്‍ജ് എന്നിവര്‍ക്ക് വേണ്ടി അഭിഭാഷകന്‍ രഞ്ജിത് മാരാര്‍ ആണ് റിട്ട് ഹര്‍ജി ഫയല്‍ ചെയ്തത്.

content highlights: Maradu Flat Owners file plea against Attorney General of India KK Venugopal