ന്യൂഡൽഹി: സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് പൊളിച്ച മരടിലെ ഫ്‌ളാറ്റുകളുടെ നിർമാതാക്കൾ ആയ ജയിൻ ഹൗസിങ്, ഗോൾഡൻ കായലോരം എന്നീ ഗ്രൂപ്പുകളോട് പ്രാഥമിക നഷ്ടപരിഹാരത്തുകയുടെ പകുതി കെട്ടിവെക്കാൻ സുപ്രീം കോടതി നിർദേശിച്ചു. ആറ് ആഴ്ച ആണ് നഷ്ടപരിഹാര തുക കെട്ടിവെക്കാൻ സുപ്രീം കോടതി സമയം അനുവദിച്ചിരിക്കുന്നത്. തുക കെട്ടിവെച്ചാൽ ഉടൻ കണ്ടുകെട്ടിയ ആസ്തികൾ തിരികെ നൽകാൻ അനുമതി നൽകുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

അമിക്കസ് ക്യുറി ഗൗരവ് അഗർവാൾ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആണ് ഫ്ലാറ്റ് നിർമാതാക്കൾ കെട്ടിവെക്കേണ്ട തുക സുപ്രീം കോടതി കണക്കാക്കിയത്. ഫ്‌ളാറ്റുകളുടെ നിർമാണത്തിന് ആയി ഉടമകളിൽ നിന്ന് ജയിൻ ഹൗസിങ് കൈപ്പറ്റിയത് 28,53,80,634 രൂപ ആണെന്ന് ജസ്റ്റിസ് ബാലകൃഷ്‌ണൻ നായർ സമിതി സുപ്രീം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. രണ്ട് കോടി രൂപ നഷ്ടപരിഹാര വിതരണത്തിന് ആയി സമിതിക്ക് ജയിൻ ഹൗസിങ് കൈമാറിയിരുന്നു. 

ബാക്കി തുകയുടെ പകുതി ആയ 12.24 കോടി രൂപ കെട്ടിവച്ചാൽ ജയിൻ ഗ്രൂപ്പിന്റെ കണ്ടുകെട്ടിയ ആസ്തികൾ വിൽക്കുന്നതിന് അനുമതി നൽകുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. തങ്ങളുടെ കണ്ടു കെട്ടിയ ആസ്തിയിൽ ചെലവന്നൂരിലെ ഭൂമി മാത്രം വിറ്റാൽ 93 കോടി ലഭിക്കും എന്ന് ജയിൻ ഗ്രൂപ്പിന് വേണ്ടി ഹാജർ ആയ സീനിയർ അഭിഭാഷകൻ അഭിഷേക് മനു സിംഗ്‌വിയും, അഭിഭാഷകൻ എ കാർത്തിക്കും ചൂണ്ടിക്കാട്ടി.

13.57 കോടി രൂപയാണ് ഫ്ലാറ്റ് നിർമ്മാണത്തിന് ഉടമകളിൽ നിന്ന് ഗോൾഡൻ കായലോരം ഗ്രൂപ്പ് കൈപ്പറ്റിയത്. ഇതിന്റെ പകുതി ആയ 6.68 കോടി രൂപയാണ് കണ്ടുകെട്ടിയ ആസ്തികൾ തിരികെ ലഭിക്കുന്നതിനുള്ള അനുമതിക്ക് ആയി ഗോൾഡൻ കായലോരം കെട്ടിവയ്ക്കേണ്ടത്. ഇതിൽ 2.89 കോടി രൂപ നേരത്തെ സമിതിക്ക് കൈമാറിയതിനാൽ ഇനി നൽകേണ്ടത് 3.79 കോടി രൂപ ആണ്.

ഈ പണം കൈമാറുന്നതോടെ വിജിലൻസ് അന്വേഷണം ഉൾപ്പടെ ഉള്ള നടപടികൾ സ്റ്റേ ചെയ്യണം എന്ന് ഗോൾഡൻ കായലോരം ഗ്രൂപ്പിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ കപിൽ സിബലും അഭിഭാഷകൻ ഹാരിസ് ബീരാനും വാദിച്ചു. ഇക്കാര്യത്തിൽ അമിക്കസ് ക്യുറിയോട് റിപ്പോർട്ട് സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടു.

ചീഫ് സെക്രട്ടറിക്ക് എതിരെ സമർപ്പിച്ച കോടതി അലക്ഷ്യ ഹർജി ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വിടണം എന്ന് സംസ്ഥാന സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടു. ഇക്കാര്യത്തിലും അമിക്കസ് ക്യുറിയുടെ റിപ്പോർട്ട് കോടതി തേടി. സംവിധായകൻ മേജർ രവി ആണ് കോടതി അലക്ഷ്യ ഹർജി ഫയൽ ചെയ്തിരുന്നത്. നഷ്ടപരിഹാര വിതരണം സംബന്ധിച്ച ഹോളി ഫെയ്ത്ത് ഫ്ലാറ്റ് നിർമാതാക്കളുടെ അപേക്ഷ രണ്ട് ആഴ്ചയ്ക്ക് ശേഷം പരിഗണിക്കാം എന്ന് കോടതി വ്യക്തമാക്കി.