ന്യൂഡല്‍ഹി: മരട് ഫ്‌ളാറ്റ്‌ കേസുകള്‍ കേള്‍ക്കുന്നത് സുപ്രീം കോടതി ജനുവരി മൂന്നാം വാരത്തിലേക്ക് മാറ്റി. വിശദമായി വാദം കേള്‍ക്കേണ്ട കേസാണിതെന്ന് ജസ്റ്റിസ് റോഹിങ്ടന്‍ നരിമാന്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഇന്ന് കേസുകളില്‍ ഹ്രസ്വമായ വാദം കേള്‍ക്കുന്ന ദിവസമാണെന്നും അതിനാല്‍ ജനുവരി മൂന്നാം വാരം വിശദമായ വാദം കേള്‍ക്കുന്ന ദിവസം നഷ്ടപരിഹാരം സംബന്ധിച്ച ഹര്‍ജികള്‍ കേള്‍ക്കാമെന്നുമാണ് കോടതി വ്യക്തമാക്കിയത്.

മരടിലെ പൊളിച്ച ഫ്ളാറ്റുകളുടെ നഷ്ടപരിഹാരം വിതരണം ചെയ്യുന്നതിന് വസ്തുക്കള്‍ വില്‍ക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഫ്‌ളാറ്റ്‌ നിര്‍മ്മാതാക്കള്‍ നല്‍കിയ അപേക്ഷയാണ് സുപ്രീം കോടതിയില്‍ ഇന്ന് ലിസ്റ്റ് ചെയ്തിരുന്നത്. പ്രാഥമിക നഷ്ടപരിഹാര വിതരണത്തിനായി നിര്‍മ്മാതാക്കള്‍ നല്‍കേണ്ട 61.5 കോടിയില്‍ ഇത് വരെ നല്‍കിയത് അഞ്ച് കോടിയില്‍ താഴെയാണെന്ന് വ്യക്തമാക്കി ജസ്റ്റിസ് ബാലകൃഷ്ണന്‍ നായര്‍ സമിതി സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

നഷ്ടപരിഹാരം നല്‍കാനായി വസ്തുക്കള്‍ വില്‍ക്കാന്‍ അനുവദിക്കണമെന്ന നിര്‍മ്മാതാക്കളുടെ ആവശ്യം തള്ളിയതായും സമിതി സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്. 

സംസ്ഥാനത്തെ തീരദേശ ചട്ടലംഘനങ്ങള്‍ സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ എട്ട് മാസം കൂടി സമയം നല്‍കണമെന്ന സര്‍ക്കാരിന്റെ ആവശ്യവും സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

contetent highlights: Maradu Flat Case, Supreme Court, Maradu Flat Compensation