ന്യൂഡല്‍ഹി: മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ചുനീക്കിയത് ഏറെ വേദനാജനകമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര. ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ ഉത്തരവിട്ടത് ഒഴിവാക്കാനാവാത്ത നടപടിയായിരുന്നുവെന്നും കേരളത്തില്‍ ഇനി അനധികൃത നിര്‍മാണങ്ങളുണ്ടാകില്ലെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി. മരട് കേസ് പരിഗണിക്കുന്നതിനിടെയായിരുന്നു ജസ്റ്റിസ് അരുണ്‍ മിശ്രയുടെ പരാമര്‍ശം. 

സുപ്രീംകോടതി ഉത്തരവനുസരിച്ച് മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ചുനീക്കിയെന്ന് സംസ്ഥാന സര്‍ക്കാര്‍ തിങ്കളാഴ്ച സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. സമയബന്ധിതമായി നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചെന്നും കോടതിയെ അറിയിച്ചു. 

അതിനിടെ, മരടിലെ അവശിഷ്ടങ്ങള്‍ എത്രയുംപെട്ടെന്ന് നീക്കംചെയ്യണമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര നിര്‍ദേശം നല്‍കി. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യമുയര്‍ന്നെങ്കിലും ഇക്കാര്യങ്ങള്‍ പിന്നീട് പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി. ഫ്‌ളാറ്റ് ഉടമകള്‍ക്ക് നല്‍കിയ 25 ലക്ഷം രൂപ താത്കാലിക ആശ്വാസമാണെന്നും കൂടുതല്‍ തുക വേണമെങ്കില്‍ ബന്ധപ്പെട്ട ഫോറങ്ങളെ സമീപിക്കാമെന്നും കോടതി അറിയിച്ചു. മരട് കേസ് ഇനി ഫെബ്രുവരി പത്തിന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും. 

Content Highlights: maradu flat case; kerala government submits report in supreme court after demolition process