മരടിലെ ഫ്‌ളാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ട ഹര്‍ജി വെള്ളിയാഴ്ച സുപ്രീം കോടതിയിലെ മൂന്നാം നമ്പര്‍ കോടതി മുറിയില്‍ പരിഗണിച്ചത് ജസ്റ്റിസ് മാരായ അരുണ്‍ മിശ്രയും, ഇന്ദിര ബാനര്‍ജിയും. പതിമൂന്നാമതായാണ് മരട് കേസ് കോടതി പരിഗണിച്ചത്. കോടതിയില്‍ കണ്ടതും, കേട്ടതും  

ജസ്റ്റിസ് അരുണ്‍ മിശ്ര : (സംസ്ഥാന സര്‍ക്കാര്‍ സ്റ്റാന്റിംഗ് കോണ്‍സല്‍ ജി. പ്രകാശിനോട്) സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് ഫയല്‍ ചെയ്തുവോ?

ജി. പ്രകാശ് : റിപ്പോര്‍ട്ട് തയ്യാര്‍ ആയി. ഫയല്‍ ചെയ്യാം.

ജസ്റ്റിസ് അരുണ്‍ മിശ്ര : ആ റിപ്പോര്‍ട്ട് ഇങ് തരു.

ചീഫ് സെക്രട്ടറി ടോം ജോസ് ഒപ്പിട്ട സത്യവാങ് മൂലത്തിന്റെ രണ്ട് സെറ്റുകള്‍ ജി പ്രകാശ് കോര്‍ട്ട് മാസ്റ്റര്‍ക്ക് കൈമാറുന്നു. കോര്‍ട്ട് മാസ്റ്റര്‍ ഒരു കോപ്പി ജസ്റ്റിസ് അരുണ്‍ മിശ്രയ്ക്കും, മറ്റൊരു സെറ്റ് ജസ്റ്റിസ് ഇന്ദിര ബാനര്‍ജിക്കും നല്‍കുന്നു.

രണ്ട് ജഡ്ജിമാരും റിപ്പോര്‍ട്ട് സൂക്ഷ്മമായി വായിക്കുന്നു. ഏതാണ്ട് നാല് മിനോട്ടോളം ഈ വായന തുടര്‍ന്നു.

ജസ്റ്റിസ് അരുണ്‍ മിശ്ര : 246 ഫ്‌ളാറ്റ് ഉടമകള്‍ക്കായി 61 കോടി 50 ലക്ഷം നല്‍കാന്‍ ആണെല്ലോ സമിതിയുടെ ശുപാര്‍ശ. ആ തുക നല്‍കിയോ ?

ജി പ്രകാശ് : ഞങ്ങള്‍ ഇതുവരെ 27 കോടി 99 ലക്ഷം രൂപ നല്‍കി.

ജസ്റ്റിസ് അരുണ്‍ മിശ്ര : എന്തുകൊണ്ടാണ് താമസം ?

വെങ്കിട്ട രമണി (സംസ്ഥാന സര്‍ക്കാരിന്റെ സീനിയര്‍ അഭിഭാഷകന്‍) : രേഖകളും മറ്റും സൂക്ഷമായി പരിശോധിച്ചാണ് പണം കൈമാറുന്നത്. ഇതിനിടയില്‍ ചില സാങ്കേതിക വിഷയങ്ങള്‍ ഉണ്ടായി. ഒരാള്‍ക്ക് രണ്ടു തവണ പണം നല്‍കുന്ന സാഹചര്യം ഉണ്ടായി. ഇതൊക്കെ ഒഴിവാക്കാനാണ് കാലതാമസം എടുക്കുന്നത്. പത്താമത്തെ പാരഗ്രാഫില്‍ ഇക്കാര്യം വിശദീകരിച്ചിട്ടുണ്ട്.

(ജസ്റ്റിസ് അരുണ്‍ മിശ്ര പത്താമത്തെ പാരഗ്രാഫ് വായിക്കുന്നു)

മോഹന്‍ കത്താര്‍കി (ഫ്‌ളാറ്റ് ഉടമയ്ക്കുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍): എന്റെ കക്ഷിക്ക് അഞ്ച് ഫ്‌ളാറ്റുകള്‍ ഉണ്ട്. ഒരെണ്ണത്തിന് മാത്രമേ നഷ്ടപരിഹാരം ലഭിച്ചുള്ളൂ.


ജസ്റ്റിസ് അരുണ്‍ മിശ്ര: ആ വിഷയങ്ങക്കെ സമിതിക്ക് മുമ്പാകെ ഉന്നയിക്കൂ.

ഫ്‌ളാറ്റ് ഉടമയ്ക്കുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ കൃഷ്ണമൂര്‍ത്തി എന്തോ പറയുന്നത് കണ്ടു. പക്ഷേ കൃത്യമായി അത് എന്താണ് എന്ന് കേള്‍ക്കാന്‍ കഴിഞ്ഞില്ല. പണം ലഭിക്കാന്‍ വൈകുന്നത് സംബന്ധിച്ചാണ് എന്തോ പരാമര്‍ശം നടത്തിയത്.

ജസ്റ്റിസ് അരുണ്‍ മിശ്ര : ഇത് അല്ല അതിന്റെ രീതി.

ജസ്റ്റിസ് അരുണ്‍ മിശ്ര : (ജി പ്രകാശനോട്) കഴിഞ്ഞ ഉത്തരവില്‍ ബില്‍ഡര്‍മാരില്‍ നിന്ന് 20 ലക്ഷം വീതം കൈപ്പറ്റാനാണ് പറഞ്ഞത്. അത് 20 കോടി ആക്കിയില്ലേ ?

വെങ്കിട്ടരമണി : ആക്കി. സമിതി അത് ഉയര്‍ത്തി ഉത്തരവ് ഇറക്കി.


ജസ്റ്റിസ് അരുണ്‍ മിശ്ര : നിങ്ങള്‍ ഫ്‌ളാറ്റ് ഉടമകള്‍ക്ക് വൈകാതെ പണം നല്‍കൂ. ബില്‍ഡര്‍മാരില്‍ നിന്ന് പണം കിട്ടാന്‍ കാത്തിരിക്കേണ്ട.


ജി. പ്രകാശ് : യെസ്.

ജസ്റ്റിസ് അരുണ്‍ മിശ്ര : യെസ് മിസ്റ്റര്‍ ദാവെ

ദുഷ്യന്ത് ദാവെ (ഫ്‌ളാറ്റ് ഉടമകള്‍ക്കുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍) : കോടതി വളരെ നല്ല ഒരു ഉത്തരവാണ് പുറപ്പടിവിച്ചത്. സമൂഹത്തില്‍ പൊതുവെ ആ ഉത്തരവിന്റെ നല്ല ആശയം പ്രചരിച്ചു. പക്ഷേ ഞങ്ങള്‍ 400 ഓളം ഫ്‌ളാറ്റ് ഉടമകളുണ്ട്. ഞങ്ങളെ കോടതി കേട്ടില്ല. ഞങ്ങളെ കേള്‍ക്കണം.

ജസ്റ്റിസ് അരുണ്‍ മിശ്ര : ആ ഘടകങ്ങള്‍ എല്ലാം കണക്കില്‍ എടുത്താണെല്ലോ ഉത്തരവ് ഇറക്കിയത്.

ദുഷ്യന്ത് ദാവെ : ഉത്തരവ് ശരിയാണ്. പക്ഷേ ഞങ്ങളെ കേട്ടില്ല. ഞങ്ങളുടെ പുനഃപരിശോധനാ ഹര്‍ജി തുറന്ന കോടതിയില്‍ കേള്‍ക്കണം.

ജസ്റ്റിസ് അരുണ്‍ മിശ്ര : ഫ്‌ളാറ്റ് ഉടമകള്‍ക്ക് ഏത് ഫോറത്തെ വേണമെങ്കിലും സമീപിക്കാം എന്ന് ഞങ്ങള്‍ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. നിങ്ങളുടെ ആവശ്യം കേള്‍ക്കാം. അത് ഞങ്ങള്‍ ഇപ്പോഴും പറയുന്നു. അത് ഞങ്ങള്‍ ഉത്തരവില്‍ വ്യക്തമാക്കാം.

ദുഷ്യന്ത് ദാവെ : നന്ദി.

സച്ചിന്‍ പാട്ടീല്‍ (മേജര്‍ രവിയുടെ അഭിഭാഷകന്‍) : ഞങ്ങള്‍ ഒരു കോടതി അലക്ഷ്യ ഹര്‍ജി ചീഫ് സെക്രട്ടറിക്ക് എതിരെ ഫയല്‍ ചെയ്തിട്ടുണ്ട്.

ജസ്റ്റിസ് അരുണ്‍ മിശ്ര : ആ ഹര്‍ജി ഇപ്പോള്‍ ഞങ്ങള്‍ പരിഗണിക്കുന്നില്ല. പക്ഷേ  ആ കോടതി അലക്ഷ്യ ഹര്‍ജി ഞങ്ങള്‍ പിന്നീട് പരിഗണിക്കാം.

സൈറാ (ഫ്‌ളാറ്റ് ഉടമ) : ഞാന്‍ കായലോരം ഫ്‌ളാറ്റിലെ ഉടമ ആണ്. ഞങ്ങളുടെ ഫ്‌ളാറ്റിന് തീരദേശ നിയമം വരുന്നതിന് മുമ്പുതന്നെ എല്ലാ നിയമപരമായ അനുമതിയും ലഭിച്ചതാണ്. ഞങ്ങളുടെ ഫ്‌ളാറ്റ് കായല്‍ തീരത്തുമല്ല.

ജസ്റ്റിസ് അരുണ്‍ മിശ്ര : വേറെ എന്തെങ്കിലും പറയാന്‍ ഉണ്ടോ ?


സൈറാ : കോടതി ചുമതലപ്പെടുത്തിയ വിദഗ്ധ സമിതി ഞങ്ങളെ കേട്ടില്ല. ഞങ്ങള്‍ക്ക് നോട്ടീസും നല്‍കിയില്ല.

ജസ്റ്റിസ് അരുണ്‍ മിശ്ര : ഇതൊക്കെ പറഞ്ഞകാര്യം തന്നെയാണ്

സൈറാ വീണ്ടും സംസാരിക്കാന്‍ ശ്രമിച്ചു

ജസ്റ്റിസ് അരുണ്‍ മിശ്ര : ഇത് കോടതിയാണ്. ഇത് നിങ്ങളുടെ മരട് ഫ്‌ളാറ്റല്ല

ഇനി ആര്‍ക്കെങ്കിലും എന്തെങ്കിലും പറയാന്‍ ഉണ്ടോ ?

കോടതിയില്‍ മൗനം

ജസ്റ്റിസ് അരുണ്‍ മിശ്ര ഉത്തരവ് ഡിക്ടെറ്റ് ചെയ്യുന്നു. ഫ്‌ളാറ്റ് ഉടമകളുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഉത്തരവ് ഇറക്കിയതിനുശേഷം ഫ്‌ളാറ്റ് നിര്‍മ്മാതാക്കളുടെ അഭിഭാഷകര്‍ ഒന്നാം നിരയില്‍ അണിനിരന്നു.

ജി പ്രകാശ് : നഷ്ടപരിഹാരം സംബന്ധിച്ച സമിതിയുടെ ഉത്തരവ് നടപ്പിലാക്കാന്‍ നാല് ആഴ്ചത്തെ സമയം വേണം.

ജസ്റ്റിസ് അരുണ്‍ മിശ്ര : അത് നിങ്ങള്‍ സമിതിയോട് തന്നെ പറയൂ.

ജസ്റ്റിസ് അരുണ്‍ മിശ്ര : യെസ് മിസ്റ്റര്‍ നരസിംഹ

പി എസ് നരസിംഹ (ഗോള്‍ഡന്‍ കായലോരത്തിന്റെ അഭിഭാഷകന്‍) : ഐ ആം ഹിയര്‍ ടു മേക്ക് ഹൗസ് ഇന്‍ ഓര്‍ഡര്‍.

ജസ്റ്റിസ് അരുണ്‍ മിശ്ര : ഹൗസ് ഇന്‍ ഓര്‍ഡര്‍ ?  (ചിരിച്ച് കൊണ്ട്) ദെന്‍ ഗോ ടു പാര്‍ലമെന്റ്.

നരസിംഹ : ഇതിന്റെ ഉത്തരവാദിത്വം ആര്‍ക്കെങ്കിലും ഉണ്ടേകേണ്ടതാണെന്ന് കോടതി നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. അതിനായി കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തണം.

ജസ്റ്റിസ് അരുണ്‍ മിശ്ര : അടുത്ത തവണ കേസ് കേള്‍ക്കുമ്പോള്‍ അക്കാര്യം പരിഗണിക്കാം.

ആര്‍. ബസന്ത് (ഹോളി ഫെയ്ത്തിന്റെ സീനിയര്‍ അഭിഭാഷകന്‍) : കോടതി നിര്‍ദേശിച്ചതുപോലെ ഞങ്ങള്‍ ബാങ്ക് അകൗണ്ടിന്റെയും, വസ്തു വകകളുടെയും വിശദശാംശം സര്‍ക്കാരിന് കൈമാറിയിട്ടുണ്ട്. ബാങ്ക് അകൗണ്ടില്‍ പണം ഇല്ല. പക്ഷേ വസ്തുക്കള്‍ വിറ്റ് പണം നല്‍കാന്‍ തയ്യാറാണ്.

ജസ്റ്റിസ് അരുണ്‍ മിശ്ര : വസ്തു വില്‍ക്കാന്‍ ഞങ്ങള്‍ കമ്മിറ്റിയോട് പറയണമോ ?

ആര്‍ ബസന്ത് : ഞങ്ങള്‍ക്ക് ആകുമ്പോള്‍ മെച്ചപ്പെട്ട വിലയ്ക്ക് വില്‍ക്കാന്‍ കഴിയും. വില്‍ക്കാന്‍ ഞങ്ങളെ അനുവദിച്ചാല്‍ മതി.

ജസ്റ്റിസ് അരുണ്‍ മിശ്ര : അത് വേണ്ട. നിങ്ങള്‍ തുച്ഛമായ വിലയ്ക്ക് വില്‍ക്കും. നിങ്ങള്‍ കമ്മിറ്റിക്ക് മുമ്പാകെ ഈ ആവശ്യം വയ്ക്കൂ. കമ്മിറ്റി തീരുമാനിക്കട്ടെ ഈ വസ്തുക്കള്‍ ലേലം ചെയ്യണമോ വേണ്ടയോ എന്ന്.

കെ. രാജീവ് : ആല്‍ഫാ വെഞ്ച്വേഴ്സ് ഫ്‌ളാറ്റിന് വേണ്ടിയാണ് ഞാന്‍ ഹാജര്‍ ആകുന്നത്. ഇതേ ആവശ്യം ആണ് ഞങ്ങള്‍ക്കും ഉള്ളത്.


ജസ്റ്റിസ് അരുണ്‍ മിശ്ര : നേരത്തെ പറഞ്ഞ ഉത്തരവ് തന്നെ. നിങ്ങള്‍ സമിതിയെ സമീപിക്കു.


ജസ്റ്റിസ് മിശ്ര നേരത്തെ പറഞ്ഞു തുടങ്ങിയ ഉത്തരവിന്റെ ബാക്കി ഭാഗം ഡിക്ടേറ്റ് ചെയ്യുന്നു.

Content Highlights: Maradu flat case in Supreme Court