ന്യൂഡല്‍ഹി: മരട് ഫ്‌ളാറ്റ് കേസില്‍ സുപ്രീംകോടതി രൂപവത്കരിച്ച ജസ്റ്റിസ് ബാലകൃഷ്ണന്‍ നായര്‍ അധ്യക്ഷനായ സമിതിക്കെതിരേ ഫ്‌ളാറ്റ് നിര്‍മാതാക്കളും ഉടമകളും. സമിതിയില്‍ സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥരുള്ളതിനാല്‍ ഫ്‌ളാറ്റ് നിര്‍മാണത്തിന് അനുമതി നല്‍കിയവരെ കണ്ടെത്തില്ലെന്നാണ് ഇവരുടെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി സുപ്രീംകോടതിയില്‍ അപേക്ഷയും ഫയല്‍ ചെയ്തു. 

പരാതികള്‍ അന്വേഷിക്കാന്‍ ജില്ലാ ജഡ്ജിയുടെ നേതൃത്വത്തിലുള്ള സിവില്‍ കോടതിയെ ചുമതലപ്പെടുത്തണമെന്നാണ് അപേക്ഷയിലെ പ്രധാന ആവശ്യം. നിര്‍മാണത്തിന് അനുമതി നല്‍കിയവരെ കണ്ടെത്താനുള്ള ചുമതല ജസ്റ്റിസ് ബാലകൃഷ്ണന്‍ നായര്‍ അധ്യക്ഷനായ സമിതിക്ക് കൈമാറിയേക്കാന്‍ സാധ്യതയുള്ളതിനാലാണ് ഇവര്‍ സുപ്രീംകോടതിയെ സമീപിച്ചത്. 

ഫ്‌ളാറ്റുകള്‍ അനധികൃതമായി നിര്‍മിക്കാന്‍ അനുവദിച്ചവരെ കണ്ടെത്തി നഷ്ടപരിഹാരം നല്‍കാനുള്ള തുക ഈടാക്കണമെന്ന് സുപ്രീംകോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. ഫ്‌ളാറ്റുകള്‍ പൊളിച്ചുനീക്കിയ ശേഷം കുറ്റക്കാരെ കണ്ടെത്താമെന്നും കോടതി പറഞ്ഞിരുന്നു. എന്നാല്‍ ഉത്തരവാദികളെ കണ്ടെത്താന്‍ എന്ത് മാര്‍ഗമാണ് അവലംബിക്കുകയെന്ന് വ്യക്തമാക്കിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഉദ്യോഗസ്ഥരെ കണ്ടെത്തുന്നതും സമിതി തന്നെയാകുമെന്ന ആശങ്ക ഉടലെടുത്തത്. 

സമിതിയില്‍ സര്‍ക്കാരിലെ പല ഉന്നത ഉദ്യോഗസ്ഥരുമുള്ളതിനാല്‍ കുറ്റക്കാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാവില്ലെന്നാണ് ഇവരുടെ ആരോപണം. അതിനാല്‍ മരട് വിഷയവുമായി ബന്ധപ്പെട്ട എല്ലാ പരാതികളും പരിഗണിക്കാന്‍ ജില്ലാ ജഡ്ജി അധ്യക്ഷനായ സിവില്‍ കോടതിയെ ചുമതലപ്പെടുത്തണമെന്നും ആവശ്യപ്പെടുന്നു. അതിനിടെ, മരടിലെ നഷ്ടപരിഹാര നിര്‍ണയത്തിനായി പ്രത്യേക ട്രിബ്യൂണലിനെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് മറ്റുചിലരും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. 

Content Highlights: maradu flat case; flat owners and builders approaches supreme court against the committee