ഫോട്ടോ: സാബു സ്‌കറിയ
ന്യൂഡല്‍ഹി: മരട് ഫ്‌ളാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ട ഹര്‍ജികളും അപേക്ഷകളും ഇനി മുതല്‍ ജസ്റ്റിസ് റോഹിങ്ടന്‍ നരിമാന്റെ അധ്യക്ഷതയുള്ള സുപ്രീം കോടതി ബെഞ്ച് പരിഗണിക്കും. ജസ്റ്റിസ് അരുണ്‍ മിശ്ര വിരമിച്ചതിനെ തുടര്‍ന്നാണ് മരട് ഫ്‌ളാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കാന്‍ പുതിയ ബെഞ്ച് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ രൂപീകരിച്ചത്.
ആസ്തി വില്‍ക്കുന്നതിനുള്ള വിലക്ക് നീക്കണം എന്ന് ആവശ്യപ്പെട്ട് ജയിന്‍ ബില്‍ഡേഴ്സ് നല്‍കിയ അപേക്ഷ ജസ്റ്റിസ് നരിമാന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് തിങ്കളാഴ്ച്ച പരിഗണിക്കും. ജസ്റ്റിസുമാരായ നവീന്‍ സിന്‍ഹ, കെ എം ജോസഫ് എന്നിവരാണ് പുതിയ ബെഞ്ചിലെ മറ്റ് അംഗങ്ങള്‍.
കേരളത്തില്‍ തീരദേശ നിയമം ലംഘിച്ച് പണിത കെട്ടിടങ്ങളുടെ കേസ്സുകളില്‍ നിര്‍ണ്ണായക ഉത്തരവ് പുറപ്പെടുവിച്ച സുപ്രീം കോടതി ബെഞ്ചുകള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത് ജസ്റ്റിസ് റോഹിങ്ടന്‍ നരിമാന്‍ അധ്യക്ഷനായ ബെഞ്ച് ആയിരുന്നു.
തീരദേശ പരിപാലന നിയമം ലംഘിച്ച് പണിത കൊച്ചിയിലെ ഡി.എല്‍.എഫ് ഫ്‌ളാറ്റ് സമുച്ചയം പിഴ ചുമത്തി ക്രമവല്‍ക്കരിച്ചു നല്‍കിയത് ജസ്റ്റിസ് റോഹിങ്ടന്‍ നരിമാനും ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗളും ഉള്‍പ്പെട്ട ബെഞ്ച് ആയിരുന്നു. അതേസമയം തീരദേശ പരിപാലന നിയമം ലംഘിച്ച് പണിത പാണാവള്ളി നെടിയതുരുത്തിലെ കാപികോ റിസോര്‍ട്ട് പൊളിക്കണമെന്ന് ഉത്തരവിട്ടത് ജസ്റ്റിസ് റോഹിങ്ടന്‍ നരിമാന്റെ അധ്യക്ഷതയില്‍ ഉള്ള മൂന്ന് അംഗ ബെഞ്ച് ആയിരുന്നു.
Content Highlight: Maradu flat case: Bench headed by Justice R F Nariman
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..