ന്യൂഡല്‍ഹി : മരടിലെ പൊളിച്ച ഫ്‌ലാറ്റ് ഉടമകള്‍ക്ക് നഷ്ടപരിഹാരം നിശ്ചയിക്കുന്നതിന് രൂപവത്കരിച്ച ജസ്റ്റിസ് ബാലകൃഷ്ണന്‍ നായര്‍ സമിതിയുടെ പ്രവര്‍ത്തന കാലാവധി സുപ്രീം കോടതി നീട്ടി. സമിതിയുടെ ആവശ്യം പരിഗണിച്ച്  അമിക്കസ് ക്യുറിയായി സീനിയര്‍ അഭിഭാഷകന്‍ ഗൗരവ് അഗര്‍വാളിനെ കോടതി നിയമിച്ചു. നഷ്ടപരിഹാരം നല്‍കുന്നത് സംബന്ധിച്ച്  ഫ്‌ലാറ്റ് നിര്‍മ്മാതാക്കള്‍ നിലപാട് അറിയിച്ചില്ലെങ്കില്‍ കണ്ട് കെട്ടിയ വസ്തുക്കള്‍ വില്‍ക്കുന്നതിനുള്ള തുടര്‍ നടപടികളുമായി മുന്നോട്ട് പോകാന്‍ സമിതിക്ക് അനുമതി നല്‍കും. സുപ്രീം കോടതി വാക്കാല്‍ നിരീക്ഷിച്ചതാണിക്കാര്യം. 

ജസ്റ്റിസ് ബാലകൃഷ്ണന്‍ നായര്‍ സമിതി പിരിച്ച് വിടണമെന്ന് ആവശ്യപ്പെട്ട് ഫ്‌ലാറ്റ് നിര്‍മ്മാതാവായ ഹോളി ഫെയ്ത്ത് സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ തങ്ങളുടെ വാദം കേള്‍ക്കാന്‍ അമിക്കസ് ക്യുറിയെ നിയമിക്കണമെന്ന് സമിതിയും കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ജസ്റ്റിസ് ആര്‍ എഫ് നരിമാന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് അഭിഭാഷകന്‍ ഗൗരവ് അഗര്‍വാളിനെ അമിക്കസ് ക്യുറിയായി നിയമിച്ചത്. 

സമിതി അധ്യക്ഷനും കേസുമായി ബന്ധപ്പെട്ട മറ്റ് കക്ഷികളുമായി സംസാരിച്ച ശേഷം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അമിക്കസ് ക്യുറിയോട് കോടതി നിര്‍ദേശിച്ചു. കാലാവധി കഴിയാറായ ബാലകൃഷ്ണന്‍ നായര്‍ സമിതിയുടെ പ്രവര്‍ത്തനം ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ തുടരുമെന്നും കോടതി അറിയിച്ചു. 

ഫ്‌ലാറ്റ് ഉടമകള്‍ക്കും, സര്‍ക്കാരിനും നല്‍കേണ്ട തുക സംബന്ധിച്ച് നിലപാട് അറിയിക്കാന്‍ സുപ്രീം കോടതി ഫ്‌ലാറ്റ് നിര്‍മ്മാതാക്കള്‍ക്ക് ഒരു അവസരം കൂടി നല്‍കി. ഇനിയും വൈകിയാല്‍ കണ്ട് കെട്ടിയ വസ്തുക്കള്‍ വില്‍ക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ട് പോകാന്‍ സമിതിക്ക് അനുമതി നല്‍കുമെന്ന് സുപ്രീം കോടതി മുന്നറിയിപ്പ് നല്‍കി. എന്നാല്‍ അനധികൃതമായി ഫ്‌ലാറ്റുകള്‍ പണിയാന്‍ അനുമതി നല്‍കിയത് ആരാണെന്ന് കണ്ടെത്തിയ ശേഷം അവരില്‍ നിന്നാണ് നഷ്ടപരിഹാരം ഈടാക്കേണ്ടത് എന്ന് ഹോളി ഫെയിത്തിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ആര്‍ ബസന്തും, അഭിഭാഷകന്‍ എ കാര്‍ത്തിക്കും വാദിച്ചു. തുടര്‍ന്ന് ഫ്‌ലാറ്റ് നിര്‍മ്മാതാക്കള്‍ ഉള്‍പ്പടെ കേസിലെ എല്ലാ കക്ഷികളോടും തങ്ങളുടെ നിലപാട് എഴുതി നല്‍കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു.

സംസ്ഥാന സര്‍ക്കാരിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ ആര്‍ വെങ്കിട്ടരമണി, സ്റ്റാന്റിംഗ് കോണ്‍സല്‍ ജി പ്രകാശ്, ഫ്‌ലാറ്റ് നിര്‍മാതാക്കള്‍ക്ക് വേണ്ടി ആര്‍ ബസന്ത്, എ കാര്‍ത്തിക്ക്, ഫ്‌ലാറ്റ് ഉടമകള്‍ക്ക് വേണ്ടി സീനിയര്‍ അഭിഭാഷകര്‍ ആയ പി എസ് പട്വാലിയ, വി ചിദംബരേഷ്, ഗോപാല്‍ ശങ്കര നാരായണന്‍, അഭിഭാഷകര്‍ ആയ കെ രാജീവ്, പ്രശാന്ത് പദ്മനാഭന്‍ തുടങ്ങിയവര്‍ ഹാജര്‍ ആയി. മരട് കേസുമായി ആയി ബന്ധപ്പെട്ട എല്ലാ ഹര്‍ജികളും ഡിസംബറില്‍ പരിഗണിക്കാന്‍ ആയി കോടതി മാറ്റി. കേരളത്തിലെ തീരദേശ നിയമ ലംഘനങ്ങളെ കുറിച്ച് ഉള്ള വിഷയങ്ങളും ഡിസംബറില്‍ പരിഗണിക്കാം എന്ന് കോടതി വ്യക്തമാക്കി.

content highlights: Marad Flat, amicus curiae