റായ്പുര്‍: തലയ്ക്ക് എട്ടുലക്ഷം രൂപ വിലയിട്ട മാവോവാദി നേതാവും ദന്തേവാഡ മാവോവാദി ആക്രമണത്തിന്റെ സൂത്രധാരനുമായ മാധ്വി മുയ്യ(29)യെ സുരക്ഷാസേന ഏറ്റുമുട്ടലില്‍ വധിച്ചു. വ്യാഴാഴ്ച രാവിലെ ദന്തേവാഡയിലെ പെര്‍പ്പ വനപ്രദേശത്ത് നടന്ന ഏറ്റുമുട്ടലിലാണ് മാധ്വി മുയ്യയെ വധിച്ചത്. 

റായ്പുരില്‍നിന്ന് ഏകദേശം 450 കി.മീ. അകലെയുള്ള വനപ്രദേശത്ത് സുരക്ഷാസേന പരിശോധന നടത്തുന്നതിനിടെ സേനാംഗങ്ങള്‍ക്ക് നേരെ വെടിവെപ്പുണ്ടായെന്നും തുടര്‍ന്ന് ഏറ്റുമുട്ടലുണ്ടായെന്നും ഛത്തീസ്ഗഢ് പോലീസ് ഡയറക്ടര്‍ ജനറല്‍ ഗിര്‍ദാരി നായക് പറഞ്ഞു. ഡിസ്ട്രിക്ട് റിസര്‍വ് ഗാര്‍ഡും ഡിസ്ട്രിക്ട് ഫോഴ്‌സ് അംഗങ്ങളുമാണ് ദൗത്യത്തില്‍ പങ്കെടുത്തത്. 

കഴിഞ്ഞമാസം ബി.ജെ.പി. എം.എല്‍.എ. ഭീമാ മാണ്ഡവി ഉള്‍പ്പെടെ അഞ്ചുപേരെ കൊലപ്പെടുത്തിയ സംഭവത്തിലെ മുഖ്യസൂത്രധാരനായിരുന്നു മാധ്വി മുയ്യ. പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെയാണ് ബി.ജെ.പി. എം.എല്‍.എക്കെതിരെ മാവോവാദികള്‍ ആക്രമണം നടത്തിയത്. 2017-ലെ സുഖ്മ മാവോവാദി ആക്രമണത്തിലും മാധ്വി മുയ്യ പങ്കെടുത്തിരുന്നു. 25 സുരക്ഷാഉദ്യോഗസ്ഥരാണ് സുഖ്മയിലെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 

Content Highlights: maoist commander madvi muyya killed by security force