ന്യൂഡൽഹി: രാജ്യത്ത് 18 വയസ്സിന് മുകളിലുള്ളവർക്കുള്ള കോവിഡ് വാക്സിൻ രജിസ്ട്രേഷനിൽ സാങ്കേതിക തകരാറെന്ന് പരാതി.

കോവിൻ വെബ്സൈറ്റ് മുഖേന വാക്സിൻ രജിസ്ട്രേഷൻ നടത്താൻ ശ്രമിച്ചവരാണ് പരാതി ഉന്നയിച്ചിരിക്കുന്നത്. കോവിൻ വെബ്സൈറ്റ് തകരാറിലാണെന്നും പേര് രജിസ്റ്റർ ചെയ്യാനാകുന്നില്ലെന്നുമാണ് ഇവർ പറയുന്നത്. ഒട്ടേറെപേർ ഇക്കാര്യം ചൂണ്ടിക്കാട്ടി ട്വിറ്ററിലും രംഗത്തെത്തിയിട്ടുണ്ട്. കോവിൻ വെബ്സൈറ്റിൽ രജിസ്റ്റർ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുമ്പോൾ വെബ്സൈറ്റ് തകരാറിലാണെന്നാണ് പലർക്കും കാണിക്കുന്നത്.

ഏപ്രിൽ 28 ബുധനാഴ്ച നാല് മണി മുതലാണ് 18 വയസ്സിന് മുകളിലുള്ളവർക്കുള്ള വാക്സിൻ രജിസ്ട്രേഷൻ ആരംഭിച്ചത്. കോവിൻ വെബ്സൈറ്റ്, ആരോഗ്യസേതു ആപ്പ്, ഉമാങ് വെബ്സൈറ്റ് എന്നിവ വഴി വാക്സിൻ രജിസ്ട്രേഷൻ നടത്താം. മെയ് ഒന്ന് മുതലാണ് 18 വയസ്സിന് മുകളിലുള്ളവർക്ക് വാക്സിൻ ലഭിച്ചു തുടങ്ങുക.

Content Highlights:many complaint about cowin website covid vaccine registration