ന്യൂഡല്‍ഹി: ശബരിമല സയന്‍സ് മ്യൂസിയമല്ല, ക്ഷേത്രമാണെന്ന് മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന് വേണ്ടി ഹാജരായ മനു അഭിഷേക് സിങ്വി സുപ്രീംകോടതിയില്‍. 

പൗരാവകാശ നിയമം ഭരണഘടനയുടെ 25,26 അനുച്ഛേദങ്ങള്‍ക്കു അനുസൃതം ആകണമെന്നും മധുര മീനാക്ഷി ക്ഷേത്ര കേസ് വിധി പ്രസ്താവം ശ്രദ്ധിക്കണമെന്നും അദ്ദേഹം കോടതിയില്‍ വാദിച്ചു. 

ശബരിമലയില്‍ സ്ത്രീകള്‍ക്ക് വിലക്കില്ല. പ്രത്യേക പ്രായക്കാര്‍ക്ക് മാത്രമാണ് പ്രവേശന വിലക്ക്. ജാതിയുടെ അടിസ്ഥാനത്തിലുമല്ല ഇവിടെ വിലക്ക്. പകരം പ്രതിഷ്ഠയുടെ സ്വാഭാവത്തിന് അനുസൃതമായാണെന്നും സിങ്വി. 

ഇന്ത്യയില്‍ നിരവധി ആചാരങ്ങള്‍ ഉണ്ട്. അതെല്ലാം ഭരണഘടന വെച്ച് അളക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കോടതിയിൽ വ്യക്തമാക്കി.  

പ്രതിഷ്ഠയുടെ നൈഷ്ഠിക ബ്രഹ്മചര്യം കണക്കിലെടുത്താല്‍ എല്ലാ വൈരുധ്യങ്ങളും പരിഹരിക്കപ്പെടും. അത് പരിഗണിച്ചത് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര മാത്രമെന്നും സിങ്‌വി കോടതിയില്‍ പറഞ്ഞു. 

അതേ സമയം സിങ്വി ഹാജരാകുന്നതിനെ എതിര്‍ത്ത് ദേവസ്വം ബോര്‍ഡ് അഭിഭാഷകന്‍ രാകേഷ് ദ്വിവേദി രംഗത്തുവന്നിരുന്നു. സിങ്വി നേരത്തെ ബോര്‍ഡിന് വേണ്ടി ഹാജരായിരുന്നുവെന്ന് ദ്വിവേദി ചൂണ്ടിക്കാട്ടി.

Content Highlights: Manu Abhishek singhvi On Court For Sabarimala Women Entry