ന്യൂഡൽഹി: കോവിഡ് വാക്സീൻ വിഷയത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് മറുപടിയുമായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ. ജൂലായിൽ മാത്രം രാജ്യത്ത് 13 കോടിയിലേറെ ഡോസ് വാക്സിനുകൾ വിതരണം ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു. വാക്സിൻ അപര്യാപ്തമാണെന്ന രാഹുൽ ഗാന്ധിയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്തു കൊണ്ടായിരുന്നു മറുപടി.

"ജൂലായ് കഴിഞ്ഞു, വാക്സിൻ ക്ഷാമം ഇനിയും അവസാനിച്ചിട്ടില്ല" എന്ന അടിക്കുറിപ്പോടെ രാഹുൽ ഗാന്ധി വിവിധ പത്രക്കട്ടിങ്ങുകൾ അടങ്ങിയ ഒരു വീഡിയോ പങ്കുവെച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ആരോഗ്യമന്ത്രിയുടെ മറുപടി. 

ജൂലായ് മാസത്തിൽ മാത്രം 13 കോടി വാക്സീനുകളാണ് നൽകിയത്. നിലവിൽ രാജ്യത്ത് വാക്സിനേഷൻ വളരെ വേഗത്തിൽ തന്നെ നടന്നു കൊണ്ടിരിക്കുകയാണ്. ഈ നേട്ടം കൈവരിച്ചത് ആരോഗ്യപ്രവർത്തകരുടെ കഴിവു കൊണ്ടാണ്. ഇതിൽ അഭിമാനിക്കുന്നു. നിങ്ങളുടെ രാജ്യത്തെക്കുറിച്ച് നിങ്ങളും അഭിമാനിക്കണം. മന്‍സുഖ് മാണ്ഡവ്യ രാഹുൽ ഗാന്ധിയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്തു കൊണ്ട് ആവശ്യപ്പെട്ടു. 

"ജൂലായിൽ വാക്‌സിനെടുത്ത 13 കോടി പേരിൽ ഒരാളാണ് നിങ്ങളെന്ന് പറയുന്നത് കേട്ടു. പക്ഷെ വാക്‌സിൻ എടുത്തതിന് ശേഷം നമ്മുടെ ശാസ്ത്രജ്ഞരെക്കുറിച്ച് ഒന്നും പറഞ്ഞില്ല. വാക്‌സിൻ എടുക്കാൻ വേണ്ടി രാജ്യത്തെ പൗരന്മാരോട് അഭ്യർത്ഥിച്ചില്ല. ഇതിനർത്ഥംവാക്‌സിൻ വിഷയം നിങ്ങൾ രാഷ്ട്രീവത്കരിക്കുന്നുവെന്നാണ്. രാജ്യത്ത് നിലവിൽ വാക്‌സിനുകൾക്ക് ക്ഷാമമില്ല. പക്ഷെ നിങ്ങൾക്ക് തീർച്ചയായും പക്വതക്കുറവുണ്ട്" ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.

Content Highlights: Mansukh Mandaviya says to rahul gandhi: Over 13 crore doses of Covid vaccines administered in July