ശ്രീനഗര്‍: ജമ്മുകശ്മീരിന്റെ പുതിയ ലഫ്.ഗവര്‍ണറായി നിയമിച്ച മുന്‍കേന്ദ്രമന്ത്രി മനോജ് സിന്‍ഹയുടെ വിക്കിപീഡിയ പേജിന്റെ ഉള്ളടക്കത്തില്‍ മാറ്റംവരുത്തി അജ്ഞാതര്‍.
സിന്‍ഹ കശ്മീരില്‍ 4ജി പുനഃസ്ഥാപിക്കുമെന്നും അനധികൃതമായി ഇന്ത്യ കൈവശപ്പെടുത്തിയിരിക്കുന്ന കശ്മീരിന്റെ സ്വാതന്ത്ര്യത്തെ രഹസ്യമായി അദ്ദേഹം പിന്തുണയ്ക്കുന്നുവെന്നുമാണ് സിന്‍ഹയുടെ വിക്കി പ്രൊഫൈലില്‍ മാറ്റം വരുത്തിയത്. പരസ്യമായി സിന്‍ഹ ഇത് അംഗീകരിക്കില്ലെന്നും കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.
സംഭവം ശ്രദ്ധയില്‍ പെട്ട ഉടന്‍ തന്നെ അധികൃതര്‍ ഉള്ളടക്കത്തിലെ പുതിയ കൂട്ടിച്ചേര്‍ക്കലുകള്‍ നീക്കം ചെയ്തു. ഓഗസ്റ്റ് ആറിന് രാവിലെ ആറു മണിക്കാണ് പേദജില്‍ അവസാനമായി മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നതെന്നാണ് വിക്കിപീഡിയ കാണിക്കുന്നത്.
ലഫ്. ഗവര്‍ണറായുളള മനോജ് സിന്‍ഹയുടെ നിയമനത്തെ ആശ്ചര്യത്തോടെയാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉള്‍പ്പടെയുളളവര്‍ നോക്കിക്കണ്ടത്. തികച്ചും അപ്രതീക്ഷിതമായിരുന്നു സിന്‍ഹയുടെ നിയമനമെന്ന് മുന്‍ ജമ്മുകശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും അഭിപ്രായപ്പെട്ടു.
ജി.സി.മുര്‍മു രാജിവെച്ച ഒഴിവിലേക്ക് 24 മണിക്കൂറിനുള്ളിലായിരുന്നു മനോജ് സിന്‍ഹയെ നിയമിച്ചത്. വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് സിന്‍ഹ ശ്രീനഗറില്‍ എത്തിയിരുന്നു.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന്റെ പശ്ചാത്തലത്തില്‍ വിച്ഛേദിച്ച 4 ജി സര്‍വീസുകള്‍ പുനഃസ്ഥാപിക്കണമെന്ന് കശ്മീര്‍ ജനത ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ 4ജി പുനഃസ്ഥാപിക്കുന്നത് അസംഭവ്യമാണെന്ന് ജൂലായില്‍ കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചിരുന്നു.
Content Highlights: Manoj Sinha secretly supports freedom of Kashmir; unknown element altered Sinha's wiki profile