ചണ്ഡീഗഢ്:  ഹരിയാണയില്‍ മനോഹര്‍ലാല്‍ ഖട്ടാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഞായറാഴ്ച ഉച്ചയോടെ രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ സത്യദേവ് നാരായണ്‍ ആര്യ സത്യവാചകം ചൊല്ലിക്കൊടുത്തു. ഇത് രണ്ടാം തവണയാണ് ബി.ജെ.പി. നേതാവായ മനോഹര്‍ലാല്‍ ഖട്ടാര്‍ ഹരിയാണയില്‍ മുഖ്യമന്ത്രിയാകുന്നത്. 

മുഖ്യമന്ത്രിക്കൊപ്പം ഉപമുഖ്യമന്ത്രിയായി ജെ.ജെ.പി. നേതാവ് ദുഷ്യന്ത് ചൗട്ടാലയും സത്യപ്രതിജ്ഞ ചെയ്തു. ബിജെപിയുമായുള്ള ധാരണപ്രകാരമാണ് ദുഷ്യന്ത് ചൗട്ടാലയ്ക്ക് ഹരിയാണയില്‍ ഉപമുഖ്യമന്ത്രി പദം ലഭിച്ചത്. 

ബി.ജെ.പി. ദേശീയ വര്‍ക്കിങ് പ്രസിഡന്റ് ജെ.പി.നഡ്ഡ,മുന്‍ പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിങ് ബാദല്‍, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്രസിങ് റാവത്, ശിരോമണി അകാലിദള്‍ നേതാവ് സുഖ്ബീര്‍ സിങ് തുടങ്ങിയവരും സത്യപ്രതിജ്ഞ ചടങ്ങിന് എത്തിയിരുന്നു. 

53 വര്‍ഷത്തിനിടെ ഇതാദ്യമായാണ് സംസ്ഥാനത്ത് ഒരു കോണ്‍ഗ്രസ് ഇതര മുഖ്യമന്ത്രിക്ക് ഭരണത്തുടര്‍ച്ച ലഭിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് തനിച്ച് കേവലഭൂരിപക്ഷം ലഭിച്ചിരുന്നില്ല.

ഇതേത്തുടര്‍ന്ന് ജെ.ജെ.പിയുടെ പിന്തുണയോടെയാണ് ഖട്ടര്‍ സര്‍ക്കാര്‍ രൂപവത്കരിക്കുന്നത്. 90 അംഗ നിയമസഭയില്‍ 40 സീറ്റാണ് ബി.ജെ.പിക്ക് ലഭിച്ചത്. 10 സീറ്റാണ് ജെ.ജെ.പി നേടിയത്. കേവലഭൂരിപക്ഷത്തിന് 46 സീറ്റുകളാണ് വേണ്ടിയിരുന്നത്. 

Content Highlights: manoharalal khattar takes oath as haryana cm and dushyanth chautala as deputy cm