പനാജി: ചികിത്സയ്ക്കായി ഡല്‍ഹി എംയിസില്‍ തുടരുന്ന ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ക്ക് പകരക്കാരനായി തത്കാലം മറ്റാരെയും പരിഗണിക്കേണ്ടതില്ലെന്ന് ബിജെപി തീരുമാനം. മുഖ്യമന്ത്രിയുടെ ചുമതല ആര്‍ക്കും നല്‍കുന്നില്ലെന്നും മൂന്നംഗ ഉപദേശക സമിതി തന്നെ ഭരണം തുടരുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ വിനയ് തെണ്ടുല്‍ക്കര്‍ അറിയിച്ചു.

സംസ്ഥാനത്ത് ഭരണ പ്രതിസന്ധിയാണെന്നും മുഖ്യമന്ത്രിയുടെ ചുമതല മന്ത്രിസഭയിലെ മുതിര്‍ന്ന അംഗത്തെ ഏല്‍പ്പിക്കണമെന്നും ബി.ജെ.പിയുടെ സഖ്യകക്ഷിയായ എംജിപി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. എട്ട് മാസമായി ഗോവയിലെ ഭരണം താറുമാറായെന്ന് ആരോപിച്ച് പ്രതിപക്ഷമായ കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ബിജെപി കേന്ദ്രനീരീക്ഷകര്‍ ഗോവയിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയത്.

ബിജെപി നേതൃത്വവുമായും സഖ്യകക്ഷികളുമായും ഇവര്‍ ചര്‍ച്ചകള്‍ നടത്തിയശേഷമാണ് മുഖ്യമന്ത്രിയുടെ ചുമതല തല്‍ക്കാലം മറ്റാര്‍ക്കും കൈമാറേണ്ടതില്ലെന്ന് തീരുമാനിച്ചത്. സഖ്യകക്ഷികളായ എംജിപിയോടും ജിഎഫ്പിയോടും ബിജെപിയില്‍ ലയിക്കുന്നതിനെപ്പറ്റി സംസാരിച്ചിട്ടുണ്ടെന്നും അക്കാര്യത്തില്‍ തീരുമാനമായ ശേഷമേ അടുത്ത മുഖ്യമന്ത്രി ആരായിരിക്കുമെന്നോ, ചുമതല ആര്‍ക്കു കൈമാറണമെന്നോ ആലോചിക്കൂ എന്നും ബിജെപി നേതാക്കള്‍ അറിയിച്ചു.

Content Highlights: Manohar Parrikar,  Goa BJP