പനാജി: ഗോവ മുഖ്യമന്ത്രിയായി മനോഹര്‍ പരീക്കര്‍ തന്നെ തുടരുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ഗോവയില്‍ ചേര്‍ന്ന പാര്‍ട്ടി കോര്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. എന്നാല്‍ മന്ത്രിസഭയില്‍ മാറ്റങ്ങളുണ്ടാകുമെന്നും ഷാ ട്വിറ്ററിലൂടെ വ്യക്തമാക്കി. 

'മനോഹര്‍ പരീക്കര്‍ തന്നെ മുഖ്യമന്ത്രിയായി തുടരാന്‍ ഗോവ ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ തീരുമാനമായി. മന്ത്രിമാരേയും അവരുടെ ചുമതലകളും പുനര്‍വിന്യസിക്കും'. അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു. 

ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറെ ഡല്‍ഹി എയിംസില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചത് മുതല്‍ക്കാണ് ഗോവയില്‍ രാഷ്ട്രീയ അനിശ്ചിതാവസ്ഥ ഉടലെടുത്തത്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ രൂപവത്കരണത്തിന് അവകാശവാദം ഉന്നയിച്ച് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷം രംഗത്തു വന്നിരുന്നു.  

2017ലെ തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റ കക്ഷിയായിരുന്ന കോണ്‍ഗ്രസിന് സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ കഴിയാതെ വന്നിരുന്നിു. ഗോവ ഫോര്‍വേഡ് പാര്‍ട്ടി, മഹാരാഷ്ട്രവാദി ഗോമന്ദക്, മൂന്ന് സ്വതന്ത്രര്‍ എന്നിവരെ ഒപ്പം ചേര്‍ത്ത് ബിജെപി സര്‍ക്കാര്‍ രൂപവത്കരിച്ചു.

Content Highlights: Manohar Parrikar to Remain Goa Chief Minister, Says Amit Shah