ന്യൂഡല്‍ഹി/പനാജി: മനോഹര്‍ പരീക്കറിന്റെ സ്വീകാര്യത മുന്‍നിര്‍ത്തി നടത്തിയ ചടുലമായ രാഷ്ട്രീയനീക്കത്തില്‍ ബി.ജെ.പി. ഗോവ പിടിച്ചു. ചെറുകക്ഷികളുടെയും സ്വതന്ത്രരുടെയും പിന്തുണനേടിയ പരീക്കര്‍ സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള അവകാശവാദവുമായി ഗവര്‍ണറെ കണ്ടു. 40 അംഗ നിയമസഭയില്‍ 22 അംഗങ്ങളുടെ പിന്തുണയാണ് ബി.ജെ.പി.ക്കുള്ളത്. മുഖ്യമന്ത്രിയാകാനായി പരീക്കര്‍ കേന്ദ്ര പ്രതിരോധമന്ത്രി സ്ഥാനത്തുനിന്ന് രാജിവെക്കും.

മണിപ്പുരിലും ബി.ജെ.പി. സര്‍ക്കാരുണ്ടാക്കിയേക്കും. എന്നാല്‍, ഇവിടെ ചിത്രം വ്യക്തമായിട്ടില്ല. ചെറുകക്ഷികളെയും സ്വതന്ത്രനെയും കൂട്ടുപിടിച്ച് സര്‍ക്കാരുണ്ടാക്കാനുള്ള ശ്രമത്തില്‍ കേന്ദ്രഭരണത്തിന്റെ ആനുകൂല്യമുള്ള ബി.ജെ.പി.യാണ് ഏറെമുന്നില്‍.

ഞായറാഴ്ചരാത്രി എട്ടോടെയാണ് മനോഹര്‍ പരീക്കര്‍ ഗോവ ഗവര്‍ണര്‍ മൃദുല സിന്‍ഹയെ കണ്ടത്. ബി.ജെ.പി.യുടെ 13 അംഗങ്ങള്‍ക്ക് പുറമെ, മൂന്നംഗങ്ങള്‍ വീതമുള്ള മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി, ഗോവ ഫോര്‍വേഡ് പാര്‍ട്ടി എന്നിവയുടെയും എന്‍.സി.പി.യുെട ഒരംഗത്തിന്റെയും രണ്ട് സ്വതന്ത്രരുടെയും പിന്തുണയാണ് ബി.ജെ.പി.ക്ക് ലഭിച്ചത്. ഇവരുടെ പിന്തുണക്കത്തുമായാണ് പരീക്കര്‍ ഗവര്‍ണറെ കണ്ടത്. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും ഒപ്പമുണ്ടായിരുന്നു.

പാര്‍ട്ടി നിയമസഭാകക്ഷിയോഗം അദ്ദേഹത്തോട് നേതൃസ്ഥാനമേറ്റെടുക്കണമെന്ന് നേരത്തെ അഭ്യര്‍ഥിച്ചിരുന്നു. മുമ്പ് ഗോവയില്‍ മുഖ്യമന്ത്രിയായിരുന്ന അദ്ദേഹം പ്രതിരോധ മന്ത്രിസ്ഥാനം ഏറ്റെടുക്കാനായി രാജിവെക്കുകയായിരുന്നു. സംസ്ഥാനത്തെ പ്രബലമായ കത്തോലിക്കാസഭയുടേതടക്കം പിന്തുണയുള്ള നേതാവാണ് അദ്ദേഹം.
 
ഇത്തവണ തിരഞ്ഞെടുക്കപ്പെട്ട 13 ബി.ജെ.പി. എം.എല്‍.എ.മാരില്‍ ഏഴുപേരും കത്തോലിക്കാ വിഭാഗത്തില്‍പെട്ടവരാണ്. പരീക്കര്‍ മുഖ്യമന്ത്രിയാവുകയാണെങ്കില്‍ പിന്തുണയ്ക്കാമെന്നായിരുന്നു ചെറിയ കക്ഷികളുടേയും നിലപാട്. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോണ്‍ഗ്രസിന് ഒരു സ്വതന്ത്രനടക്കം 18 അംഗങ്ങളാണുള്ളത്.

മണിപ്പുര്‍ നിയമസഭയില്‍ രണ്ടാം ഒറ്റക്കക്ഷിയായി മാറിയ ബി.ജെ.പി.ക്ക് 21 സീറ്റാണുള്ളത്. ഒരംഗമുള്ള ലോക് ജനശക്തിപാര്‍ട്ടിയും (രാംവിലാസ് പസ്വാന്റെ പാര്‍ട്ടി), നാലംഗങ്ങളുള്ള നാഗാ പീപ്പിള്‍സ് പാര്‍ട്ടിയും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ 26 അംഗങ്ങളുടെ പിന്തുണയായി. മുന്‍ ലോക്‌സഭാ സ്​പീക്കര്‍ അന്തരിച്ച പി.എ. സാങ്മയുടെ മകന്‍ കോന്റാഡ് സാങ്മയുടെ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി(എന്‍.പി.പി.)ക്ക് നാലംഗങ്ങളുണ്ട്.
 

എന്‍.ഡി.എ. ഘടകകക്ഷിയായ ഇവരും ബി.ജെ.പി.യെ പിന്തുണച്ചേക്കും. തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ഇവരുടെ പിന്തുണ ലഭിച്ചാല്‍ ബി.ജെ.പി.ക്ക് കേവല ഭൂരിപക്ഷമായ 31-ന് ഒരു സീറ്റുമാത്രം കുറവ്. സ്വതന്ത്ര എം.എല്‍.എ.യോ, തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഏക അംഗമോ പിന്തുണച്ചാല്‍ ഇവിടെയും ബി.ജെ.പി. സര്‍ക്കാരുണ്ടാക്കും.