ന്യൂഡല്‍ഹി: ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാറുടെ മുഖത്ത് മഷി ഒഴിച്ച യുവാവ് പിടിയിലായി. ഹിസാറില്‍ നടന്ന ചടങ്ങിനിടെയാണ് മുഖ്യമന്ത്രിയുടെ സുരക്ഷാ കവചം ഭേദിച്ച് യുവാവ് തൊട്ടടുത്തെത്തി മഷി ഒഴിച്ചത്. തുറന്ന ജീപ്പില്‍ സഞ്ചരിക്കുകയായിരുന്നു ഈ സമയം മുഖ്യമന്ത്രിയെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. മുഖ്യമന്ത്രിയുടെ നെറ്റിയിലും മുഖത്തും മഷി പടര്‍ന്നു.

യുവാവിനെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉടന്‍ കീഴടക്കി. പ്രതിപക്ഷ പാര്‍ട്ടിയായ ഇന്ത്യന്‍ നാഷണല്‍ ലോക് ദള്‍ പ്രവര്‍ത്തകനാണ് താനെന്ന് യുവാവ് അവകാശപ്പെട്ടതായി പോലീസ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

ഖട്ടാര്‍ സര്‍ക്കാരിനെതിരെ മുദ്രാവാക്യം മുഴക്കിക്കൊണ്ടാണ് യുവാവ് സെഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ള മുഖ്യമന്ത്രിക്കുമേല്‍ മഷി പ്രയോഗം നടത്തിയത്. യുവാവിനെ ചോദ്യംചെയ്ത് വരികയാണെന്ന്‌പോലീസ് പറഞ്ഞു.

കഴിഞ്ഞ നവംബറില്‍ ഖട്ടാറിന്റെ സുരക്ഷ അധികൃതര്‍ വര്‍ധിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രിയില്‍നിന്ന് അകലം പാലിക്കാന്‍ മാധ്യമ പ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ക്ക് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. മൈക്രോഫോണുകളും ക്യാമറകളും മുഖ്യമന്ത്രിയുടെ തൊട്ടടുത്തേക്ക് കൊണ്ടുപോകരുതെന്ന നിര്‍ദ്ദേശം ജില്ലാ ഭരണകൂടം മാധ്യമ പ്രവര്‍ത്തകര്‍ക്ക് നല്‍കിയിരുന്നു. ഹരിയാനയിലെ ആദ്യ ബി.ജെ.പി സര്‍ക്കാരിനാണ് 2014 മുതല്‍ ഖട്ടാര്‍ നേതൃത്വം നല്‍കുന്നത്.

Content Highlights: Manohar Lal Khattar, Haryana CM