ന്യൂഡല്‍ഹി: ഇന്ത്യന്‍ ഭരണഘടനാ ശില്‍പിയായ അംബേദ്കര്‍ വിഭാവനം ചെയ്ത ഇന്ത്യയാണ് പുതിയ ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഏപ്രില്‍ 14 ബാബാ സാഹിബ് അംബേദ്കറുടെ ജന്മദിനമാണ്. ജന്മദിനത്തോടനുബന്ധിച്ച് ഏപ്രില്‍ 14 മുതല്‍ മെയ് 5 വരെ രാജ്യത്ത് ഗ്രാമ സ്വരാജ് അഭിയാന്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുമെന്നും മോദി വ്യക്തമാക്കി. 

ഇന്ത്യയെ വ്യവസായ സ്രോതസ്സായി മാറ്റുകയെന്നായിരുന്നു അംബേദ്കര്‍ വിഭാവനം ചെയ്തത്. സ്വയം പര്യാപ്തമാവുകയെന്ന അംബേദ്കറുടെ കാഴ്ചപ്പാടില്‍ ഞങ്ങളും ഏറെ ആകൃഷ്ടരായിരിക്കുകയാണ്. അടിസ്ഥാനസൗകര്യ വികസനത്തില്‍ ബിആര്‍ അംബേദ്കര്‍ മുന്നോട്ട് വെച്ച ആശയങ്ങളോട് ഇന്ത്യ ഏറെ കടപ്പെട്ടിരിക്കുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. 

40കളില്‍ രണ്ടാം ലോക മഹായുദ്ധത്തെക്കുറിച്ചും ശീതയുദ്ധത്തെക്കുറിച്ചുമായിരുന്നു ആഗോള ചര്‍ച്ചകള്‍. എന്നാല്‍ ഐക്യത്തെ കുറിച്ചും സംഘടിതമായി നില്‍ക്കേണ്ട ആവശ്യത്തെക്കുറിച്ചുമായിരുന്നു അംബേദ്കറിന്റെ ആശയങ്ങള്‍. ആ ആശയങ്ങളാണ് ഇപ്പോള്‍ നടപ്പിലാക്കുന്നതെന്നും മോദി വ്യക്തമാക്കി. 

രാമനവമി ദിനത്തില്‍ രാജ്യത്തെ ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു കൊണ്ടായിരുന്നു പ്രധാനമന്ത്രി സംസാരിച്ചു തുടങ്ങിയത്. മഹാത്മാഗന്ധി രാമനാമത്തില്‍ വിശ്വസിച്ചിരുന്ന ആളാണ്. ഇന്ത്യയിലെ അവതരങ്ങള്‍ക്കായി ആസിയാന്‍ രാജ്യങ്ങള്‍ ഇപ്പോള്‍ തിരഞ്ഞെടുക്കുന്നതും രാമായണത്തെ ആണ്. രാമായമം ഇന്ത്യയെ മാത്രമല്ല, ആസിയാന്‍ രാജ്യങ്ങളേയും പ്രചോദിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ യുവജനത നേരിടുന്ന ആരോഗ്യപ്രശ്‌നങ്ങളെ കുറിച്ച് സംസാരിക്കാന്‍ ഒരാള്‍ തന്നോട് ആവശ്യപ്പെടുകയുണ്ടായി. അതിനാല്‍ ആരോഗ്യമുള്ള ഇന്ത്യയെ കുറിച്ചാണ് താന്‍ സംസാരിക്കുന്നത്. 

ആരോഗ്യമുള്ള ഇന്ത്യയ്ക്കു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയിലെ യുവജനങ്ങള്‍ക്ക് ആരംഭിക്കാം. കാരണം നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് രാജ്യത്തിന്റെ ദിശ തന്നെ മാറ്റാനാവും. 

അസമിലെ കരിംജംഗില്‍ നിന്നുള്ള റിക്ഷാ ഡ്രൈവര്‍ പാവപ്പെട്ട കുട്ടികള്‍ക്ക് വേണ്ടി ഒമ്പത് സ്‌കൂളുമാണ് സ്വന്തം കഠിനാധ്വാനത്തില്‍ ആരംഭിച്ചത്. അതാണ് നമ്മുടെ രാജ്യത്തെ പൗരന്റെ ശക്തി. 13 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചികിത്സ കിട്ടാതെ സഹോദരി മരിച്ച, കൊല്‍ക്കത്തയില്‍ നിന്നുള്ള ഒരു കാര്‍ ഡ്രൈവര്‍ പാവപ്പെട്ടവര്‍ക്ക് വേണ്ടി ഒരു ആശുപത്രി തന്നെയാണ് നിര്‍മ്മിച്ചത്. ചികിത്സ കിട്ടാതെ ആരും മരിക്കരുതെന്ന നിശ്ചയദാര്‍ഢ്യത്തിന്റെ ഫലമായിരുന്നു അത്. അതാണ് പുതിയ ഇന്ത്യയുടെ ശക്തിയെന്നും മോദി ചൂണ്ടിക്കാട്ടി. 

ശുചിത്വമുള്ള ഇന്ത്യയെ പോലെ തന്നെ പ്രാധാന്യമുള്ള ഒന്നാണ് ആരോഗ്യമുള്ള ഇന്ത്യ. ആരോഗ്യസംരക്ഷണത്തിനായുള്ള സൗകര്യങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഇന്ന് പൂര്‍ണതോതില്‍ നടക്കുന്നുണ്ട്. 800 മരുന്നുകളാണ് ജന്‍ ഔഷധിയിലൂടെ കുറഞ്ഞ നിരക്കില്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നത്. പുതിയ ജന്‍ ഔഷധി കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. 

സ്‌റ്റെന്റുകളുടെ വില 85 ശതമാനം വരെയാണ് വെട്ടിക്കുറിച്ചത്. മുട്ട് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയുടെ ചെലവ് 50-70 ശതമാനം വരെ കുറച്ചു. ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ ഗുണഫലങ്ങള്‍ അമ്പത് കോടി ജനങ്ങള്‍ക്കാണ് ലഭ്യമാവുന്നത്. 

രാജ്യത്തെ 479 മെഡിക്കല്‍ കോളേജുകളിലായി 68000 സീറ്റുകളാണ് സര്‍ക്കാര്‍ വര്‍ധിപ്പിച്ചത്. ആരോഗ്യരംഗത്തിന്റെ വികാസത്തിനു വേണ്ടി ഇനിയും ഏറെ പദ്ധതികള്‍ സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.