ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. രോഗവ്യാപനം നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാരിന് മുന്നില്‍ അഞ്ച് നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചാണ് മന്‍മോഹന്‍ സിങിന്റെ കത്ത്. നിലവിലെ സാഹചര്യത്തില്‍ രാജ്യത്തെ വാക്‌സിനേഷന്‍ വര്‍ധിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

ഇപ്പോള്‍ വലിയൊരു വിഭാഗത്തിന് വാക്‌സിന്‍ നല്‍കാന്‍ കേന്ദ്രം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഇതിനാവശ്യമായ ഓര്‍ഡറുകള്‍ മുന്‍കൂട്ടി വാക്‌സിന്‍ നിര്‍മാതാക്കള്‍ക്ക് നല്‍കണമെന്ന് കത്തില്‍ നിര്‍ദേശിച്ചു. സംസ്ഥാനങ്ങളില്‍ വാക്‌സിന്‍ എങ്ങനെയാണ് സുതാര്യമായി വിതരണം ചെയ്യുന്നതെന്ന് നിരീക്ഷിക്കണമെന്നും അടിയന്തര സാഹചര്യത്തില്‍ ഉപയോഗിക്കാനായി 10 ശതമാനം വാക്‌സിന്‍ കേന്ദ്രസര്‍ക്കാര്‍ മാറ്റിവയ്ക്കണമെന്ന നിര്‍ദേശവും കത്തിലുണ്ട്.

എല്ലാ സംസ്ഥാനങ്ങള്‍ക്കും വാക്‌സിന്‍ ലഭ്യതയെക്കുറിച്ച് വ്യക്തമായ ധരണ വേണം. 45 വയസിന് താഴെയാണെങ്കില്‍ പോലും വാക്‌സിന്‍ നല്‍കാന്‍ കഴിയുന്ന കോവിഡ് മുന്‍നിര തൊഴിലാളി വിഭാഗങ്ങളെ നിര്‍വചിക്കുന്നതിന് സംസ്ഥാനങ്ങള്‍ക്ക് ഇളവ് നല്‍കണം. വാക്‌സിന്‍ നിര്‍മാതാക്കള്‍ക്ക് അവരുടെ ഉത്പാദന കേന്ദ്രങ്ങള്‍ വിപുലീകരിക്കാന്‍ സഹായിക്കുന്ന തരത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഫണ്ടുകളും മറ്റു ഇളവുകളും പ്രഖ്യാപിച്ച് പിന്തുണ നല്‍കണമെന്ന നിര്‍ദേശവും കത്തിലുണ്ട്. 

ഇന്ത്യയിലും ലൈസന്‍സ് നേടുന്ന കമ്പനികളെ വാക്‌സിന്‍ നിര്‍മിക്കാന്‍ അനുവദിക്കണം. ഇതുവഴി കൂടുതല്‍ കമ്പനികള്‍ക്ക് വാക്‌സിന്‍ നിര്‍മിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. വാക്‌സിനുകളുടെ ആഭ്യന്തര വിതരണം പരിമിതമായതിനാല്‍ വിശ്വസിനീയമായ യൂറോപ്യന്‍ മെഡിക്കല്‍ ഏജന്‍സിക്ക് സമാനമായ അതോറിറ്റികള്‍ അംഗീകാരം നല്‍കിയ വാക്സിനുകള്‍ക്ക് ആഭ്യന്തര പരീക്ഷണം ഏര്‍പ്പെടുത്താതെ ഇറക്കുമതി അനുവദിക്കണമെന്നും മന്‍മോഹന്‍ സിങ് നിര്‍ദേശിച്ചു.

content highlights: Manmohan Singh suggests five measures to tackle COVID-19 surge across India; writes to PM Modi