ന്യൂഡല്‍ഹി: ഓള്‍ ഇന്ത്യ ഇന്‍സ്റ്റിട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ചിട്ടുള്ള മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിന്റെ ആരോഗ്യനില തൃപ്തികരമെന്ന് എയിംസ് വക്താവ് തിങ്കളാഴ്ച രാവിലെ വ്യക്തമാക്കി. കാര്‍ഡിയോളജി പ്രൊഫസര്‍ ഡോ. നിതീഷ് നായ്കിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് മന്‍മോഹന്‍ സിങ്. 

മരുന്നില്‍നിന്നുണ്ടായ അലര്‍ജി കാരണമാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നതെന്നാണ് ആശുപത്രിയില്‍നിന്ന് ലഭിക്കുന്ന വിവരം. അദ്ദേഹത്തിന് പനി തുടങ്ങിയ രോഗങ്ങള്‍ എയിംസ് അധികൃതര്‍ നിഷേധിച്ചു. മാര്‍ച്ച് മാസത്തില്‍ പാര്‍ലമെന്റ് പിരിഞ്ഞതിന് പിന്നാലെയുണ്ടായ വീഴ്ചയെ തുടര്‍ന്ന് മന്‍മോഹന്‍ സിങ്ങിന് പൂര്‍ണവിശ്രമം നിര്‍ദേശിച്ചിരുന്നു. 

എണ്‍പത്തിയേഴുകാരനായ മന്‍മോഹന്‍ സിങ് രണ്ടു തവണ ബൈപാസ് സര്‍ജറിയ്ക്ക് വിധേയനായിട്ടുണ്ട്. ഇദ്ദേഹത്തിന് പ്രമേഹരോഗവുമുണ്ട്. രാജ്യസഭയില്‍ രാജസ്ഥാനെയാണ് മന്‍മോഹന്‍ സിങ് നിലവില്‍ പ്രതിനിധീകരിക്കുന്നത്. സാമ്പത്തിക വിദഗ്ധന്‍ കൂടിയായ മന്‍മോഹന്‍ സിങ് രണ്ട് തവണ ഇന്ത്യയുടെ പ്രധാനമന്ത്രിയായി. ഈയാഴ്ച ആദ്യം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും കോണ്‍ഗ്രസ് ഭരണം നിലവിലുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ ലോക്ക്ഡൗണ്‍ കാലത്തെ കേന്ദ്രസര്‍ക്കാര്‍ നയങ്ങളെ മന്‍മോഹന്‍ സിങ് നിശിതമായി വിമര്‍ശിച്ചിരുന്നു. 

മന്‍മോഹന്‍ സിങ്ങിന്റെ ആരോഗ്യനിലയെ കുറിച്ച് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ് ലോത്, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ എന്നിവര്‍ ആശങ്ക പ്രകടിപ്പിച്ചു. എത്രയും പെട്ടെന്ന് അദ്ദേഹത്തിന് പൂര്‍ണആരോഗ്യം തിരികെ കിട്ടട്ടെയെന്നും രാജ്യം മുഴുവനും അദ്ദേഹത്തിന് വേണ്ടി പ്രാര്‍ഥിക്കുന്നുവെന്നും കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തു. അദ്ദേഹം വേഗം സുഖം പ്രാപിക്കട്ടെയെന്നും ആരോഗ്യത്തോടെയും ദീര്‍ഘായുസോടെയുമിരിക്കട്ടെയെന്നും ഗെഹ്‌ലോത് ട്വിറ്ററില്‍ കുറിച്ചു. 

Content Highlights: Manmohan Singh Stable Under Observation AIIMS Sources