ന്യൂഡല്‍ഹി:മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങിനുള്ള പ്രത്യേക സംരക്ഷണ സംഘത്തിന്റെ (എസ്.പി.ജി) സുരക്ഷ പിന്‍വലിച്ചേക്കും. സിആര്‍പിഎഫായിരിക്കും ഇനി മന്‍മോഹന് സുരക്ഷനല്‍കുക. കാബിനറ്റ് സെക്രട്ടറിയേറ്റിന്റേയും ആഭ്യന്തര മന്ത്രാലയത്തിന്റേയും സുരക്ഷാ അവലോകനത്തിന് ശേഷമാണ് തീരുമാനം.

മന്‍മോഹന്‍ സിങിനുള്ള സെഡ് പ്ലസ് സുരക്ഷ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രഹസ്യാന്വേഷണ വിഭാഗങ്ങളുടെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം.

പ്രധാനമന്ത്രി നരേന്ദ്ര മോദി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, മക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയവര്‍ക്ക് നിലവില്‍ രാജ്യത്ത് എസ്.പി.ജി.സുരക്ഷ നല്‍കുന്നുണ്ട്. മുന്‍ പ്രധാനമന്ത്രി എച്ച്.ഡി.ദേവ ഗൗഡയുടെ എസ്പിജി സുരക്ഷയും നേരത്തെ പിന്‍വലിച്ചിരുന്നു. 

ഭീഷണികളുടെ അടിസ്ഥാനത്തിലാണ് മുന്‍പ്രധാനമന്ത്രിമാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും എസ്പിജി സുരക്ഷ നല്‍കുന്നത്. മന്‍മോഹന്‍സിങിന്റെ മക്കളും വാജ്‌പേയിയുടെ വളര്‍ത്തുമകളും തങ്ങള്‍ക്കുണ്ടായിരുന്ന എസ്പിജി സുരക്ഷ നേരത്തെ വേണ്ടെന്ന് വെച്ചിരുന്നു.

Content Highlights: Manmohan Singh's Top Security (SPG) Cover Withdrawn, Given CRPF Security