ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്താ വര്‍ധന തടഞ്ഞുവെക്കാനുള്ള തീരുമാനത്തിനെതിരെ കോണ്‍ഗ്രസ്. മന്മോഹന് സിങ്, രാഹുല്‍ ഗാന്ധി, പി. ചിദംബരം എന്നിവരടക്കമുള്ള നേതാക്കള്‍ നടത്തിയ ഓണ്‍ലൈന്‍ കോണ്‍ഫറന്‍സ് കോളിലാണ് കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്.
ഇപ്പോഴത്തെ സാഹചര്യത്തില്‍ സര്‍ക്കാര്‍ ജീവനക്കാരും സായുധ സേനാംഗങ്ങളും ഉള്‍പ്പെടെയുള്ളവര്‍ക്കു മേല്‍ ഇത്തരം കടുത്ത നടപടി അത്യാവശ്യമാണെന്ന് കരുതുന്നില്ലെന്ന് മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ് പറഞ്ഞു. ക്ഷാമബത്ത വെട്ടക്കുറയ്ക്കപ്പെട്ടവര്ക്കൊപ്പമാണ് ഈ സാഹചര്യത്തില്‍ നാം നില്‍ക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ നടപടി മനുഷ്യപ്പറ്റില്ലാത്തതാണെന്നും പ്രതിസന്ധികള്‍ക്കിടയില്‍ കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹിയില്‍ നടത്തുന്ന സെന്‍ട്രല്‍ വിസ്ത നവീകരണ പ്രവര്‍ത്തനങ്ങള്‍ ധൂര്‍ത്താണെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. ജീവനക്കാരുടെ ഡിഎ പിടിച്ചുവെക്കുമ്പോള്ത്തന്നെ ഡല്‍ഹിയുടെ ഹൃദയഭാഗങ്ങള്‍ സൗന്ദര്യവത്കരിക്കാനുള്ള പദ്ധതിയുമായി മുന്നോട്ടുപോകുകയാണ് കേന്ദ്രസര്‍ക്കാര്‍. ഇത്തരത്തില്‍ മധ്യവര്‍ഗത്തിന്റെ കൈയ്യില്‍നിന്ന് ഈടാക്കുന്ന പണം പാവങ്ങള്‍ക്കു കൊടുക്കുകയല്ല, സെന്‍ട്രല്‍ വിസ്തയ്ക്കായി ധൂര്‍ത്തടിക്കുകയാണെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.
കഴിഞ്ഞ ദിവസമാണ് കേന്ദ്രജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്ത (ഡി.എ.) വര്‍ധിപ്പിച്ച നടപടി കേന്ദ്രസര്‍ക്കാര്‍ മരവിപ്പിച്ചത്. കോവിഡിനെത്തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലായിരുന്നു തീരുമാനം.
കഴിഞ്ഞ മാസമാണ് സര്‍ക്കാര്‍ ഡി.എ. 17 ശതമാനത്തില്‍ നിന്ന് 21 ശതമാനമാക്കി വര്‍ധിപ്പിച്ചത്. ജനുവരി ഒന്ന് മുതല്‍ നല്‍കാനായിരുന്നു തീരുമാനം. എന്നാല്‍, ഈ കലണ്ടര്‍ വര്‍ഷത്തില്‍ ഇതു നടപ്പാക്കേണ്ടെന്നാണ് തീരുമാനം. കൂടാതെ, 2020 ജൂലായിലും, 2021 ജനുവരിയിലും ഉണ്ടാകേണ്ട ഡിഎ വര്‍ധനയും വേണ്ടെന്നുവെച്ചിട്ടുണ്ട്. ക്ഷാമബത്താ വര്‍ധനവ് മരവിപ്പിച്ചതിലൂടെ 2021 മാര്‍ച്ച് വരെയുള്ള കാലയളവില്‍ 27,000 കോടി രൂപയുടെ ചെലവ് കുറയ്ക്കാനാകുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്.
Content Highlights: Manmohan Singh, Rahul Gandhi Slam Government
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..