ലണ്ടന്‍: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പാകിസ്താനെതിരെ സൈനിക നടപടിക്ക് തയ്യാറെടുത്തിരുന്നതായുള്ള വെളിപ്പെടുത്തലുമായി ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ പുസ്തകം. മന്‍മോഹന്‍ സിങ്ങുമായി അടുത്ത ബന്ധമാണുണ്ടായിരുന്നതെന്നും അദ്ദേഹം ഒരു 'വിശുദ്ധനായ മനുഷ്യനാ'ണെന്നും കാമറൂണിന്റെ ഓര്‍മക്കുറിപ്പുകളുടെ പുസ്തകമായ 'ഫോര്‍ ദ റിക്കോര്‍ഡി'ല്‍ പറയുന്നു.

മന്‍മോഹന്‍ സിങ്ങുമായി നല്ല ബന്ധമാണ് ഉണ്ടായിരുന്നത്. അദ്ദേഹം ഒരു വിശുദ്ധനായ മനുഷ്യനായിരുന്നു. മുംബൈയില്‍ 2011 ലുണ്ടായ ഭീകരാക്രമണത്തിന്റെ സാഹചര്യത്തില്‍ അദ്ദേഹം ശക്തമായ നിലപാടെടുത്തു. ഇത്തരത്തിലുള്ള മറ്റൊരു ആക്രമണം കൂടി ഉണ്ടായാല്‍ പാകിസ്താനെതിരെ സൈനിക നടപടി ഉണ്ടാകുമെന്ന് മന്‍മോഹന്‍ സിങ് തന്നോട് പറഞ്ഞിരുന്നതായും കാമറൂണ്‍ തന്റെ പുസ്തകത്തില്‍ പറയുന്നു.

ഇന്ത്യയുമായി പുതിയ പങ്കാളിത്തം ആവശ്യമാണെന്ന നിലപാടാണ് താന്‍ സ്വീകരിച്ചിരുന്നതെന്ന് കാമറൂണ്‍ പറയുന്നു. ലോകത്തിലെ ഏറ്റവും പഴയ ജനാധിപത്യ രാജ്യവും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യവും തമ്മിലുള്ള ബന്ധത്തിന്റെ സാധ്യതകളാണ് താന്‍ തേടിയിരുന്നത്. അമേരിക്കയുമായുണ്ടായിരുന്ന തരത്തിലുള്ള പ്രത്യേക ബന്ധത്തിനു പകരം ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളുമായുള്ള സവിശേഷ ബന്ധമായിരുന്നു താന്‍ ആഗ്രഹിച്ചിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

2015ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രിട്ടണില്‍ നടത്തിയ സന്ദര്‍ശനത്തെക്കുറിച്ചും കാമറോണ്‍ സ്മരിക്കുന്നുണ്ട്. മോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ബ്രിട്ടണിലെ വെബ്ലി സ്‌റ്റേഡിയത്തില്‍ നടന്ന ഇന്ത്യക്കാരുടെ സമ്മേളനത്തില്‍ താന്‍ പങ്കെടുത്ത് സംസാരിച്ചതിനെക്കുറിച്ചും പുസ്തകത്തില്‍ പരാമര്‍ശമുണ്ട്. ജനങ്ങളുടെ ഹര്‍ഷാരവം  വിസ്മയകരമായിരുന്നു. വേദിയില്‍വെച്ച് മോദിയും താനും ആലിംഗനം ചെയ്ത കാര്യവും അദ്ദേഹം കുറിക്കുന്നു.

ബ്രിട്ടീഷ് ഭരണകാലത്ത് കൂട്ടക്കൊല നടന്ന അമൃത്സറിലെ ജാലിയന്‍ വാലാബാഗില്‍ നടത്തിയ സന്ദര്‍ശനത്തെക്കുറിച്ചും കാമറൂണ്‍ സ്മരിക്കുന്നുണ്ട്. ബ്രിട്ടന്റെ ചരിത്രത്തിലെ ഏറ്റവും അപമാനകരമായ സംഭമാണ് ജാലിയന്‍ വാലാബാഗില്‍ നടന്നതെന്ന് അന്ന് താന്‍ രേഖപ്പെടുത്തിയിരുന്നു. തന്‍റെ നിലപാട് ബ്രിട്ടണില്‍ ഉണ്ടാക്കാനിടയുള്ള പ്രതികരണങ്ങളെക്കുറിച്ച് തനിക്ക് ബോധ്യമുണ്ടായിരുന്നെന്നും എന്നാല്‍ സന്തോഷത്തോടെയാണ് അത്തരമൊരു കാര്യം ചെയ്തതെന്നും അദ്ദേഹം പുസ്തകത്തില്‍ പറയുന്നു.

Content Highlights: Manmohan Singh considered attacking Pakistan- former british prime minister david cameron