മുംബൈ: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ ജീവചരിത്രം പറയുന്ന 'ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍' എന്ന ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കൊഴുക്കുന്നതിനിടെ മന്‍മോഹന്‍ സിങ്ങിന് പിന്തുണയുമായി ശിവസേന. മന്‍മോഹന്‍ സിങ് ആകസ്മികമായി പ്രധാനമന്ത്രിയായതല്ലെന്നും മറിച്ച് വിജയം വരിച്ച പ്രധാനമന്ത്രിയാണെന്നുമായിരുന്നു ശിവസേന നേതാവ് സഞ്ജയ് റൗത്തിന്റെ കഴിഞ്ഞ ദിവസത്തെ പ്രസ്താവന.

'പത്ത് വര്‍ഷം തുടര്‍ച്ചയായി രാജ്യം ഭരിക്കുകയും ജനങ്ങള്‍ സ്‌നേഹിക്കുകയും ചെയ്യുന്ന ഒരു നേതാവ് എങ്ങനെ ആക്‌സിഡന്റല്‍ പ്രധാനമന്ത്രിയാകും. നരസിംഹ റാവുവിന് ശേഷം രാജ്യം കണ്ട വിജയിച്ച പ്രധാനമന്ത്രിയാണ് മന്‍മോഹന്‍സിങ്' - സഞ്ജയ് റൗത്ത് വ്യക്തമാക്കി. ബി.ജെ.പി നേതൃത്വം നല്‍കുന്ന ഭരണമുന്നണിയായ എന്‍.ഡി.എയിലെ പ്രമുഖ കക്ഷിയാണ്‌ ശിവസേന. 

ഡോ. മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായിരുന്ന കാലത്തെ കഥ പറയുന്ന ബോളിവുഡ് ചിത്രം 'ദി ആക്‌സിഡന്റല്‍  പ്രൈം മിനിസ്റ്ററി'നെതിരേ നേരത്തെ കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. അനുപം ഖേര്‍ നായകനാകുന്ന ചിത്രം വസ്തുതകള്‍ക്ക് വിരുദ്ധമാണെന്നായിരുന്നു കോണ്‍ഗ്രസ് ആരോപണം. മന്‍മോഹന്‍ സിങ്ങിന്റെ ജീവിതത്തെ ആധാരമാക്കി അദ്ദേഹത്തിന്റെ മുന്‍  മാധ്യമ ഉപദേഷ്ടാവ് സഞ്ജയ് ബാരു രചിച്ച പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ട്രയിലര്‍  കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തിയത്. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസില്‍  അരങ്ങേറിയ ആഭ്യന്തര കലഹങ്ങളുടെ ഇരയാണ് മന്‍മോഹന്‍ സിങ് എന്നാണ് ട്രെയിലറില്‍ സൂചന നല്‍കുന്നത്

യൂത്ത് കോണ്‍ഗ്രസ് മഹാരാഷ്ട്ര ഘടകവും ചിത്രത്തിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ചിത്രം റിലീസ് ചെയ്യുന്നതിന് മുന്‍പ് പ്രത്യേക സ്‌ക്രീനിങ്ങ് നടത്തി വസ്തുതാവിരുദ്ധമായ ദൃശ്യങ്ങള്‍ നീക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി ബി.ജെ.പി ട്വിറ്ററില്‍ ഈ സിനിമയുടെ ട്രയിലര്‍ ഷെയര്‍ ചെയ്തത് കോണ്‍ഗ്രസിനെ കൂടുതല്‍ പ്രകോപിപ്പിച്ചിരുന്നു.

Content highlights: Manmohan Singh A Successful, Not Accidental PM says Shiv Sena