ന്യൂഡല്‍ഹി: കൊറോണ വൈറസിനെതിരായ സര്‍ക്കാറിന്റെ വാക്‌സിനേഷന്‍ യജ്ഞവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസും കേന്ദ്ര സര്‍ക്കാരും തമ്മില്‍ വാക്‌പോര്. വാക്‌സിന്റെ സുരക്ഷിതത്വം സംബന്ധിച്ച് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരിയും ആരോഗ്യ മന്ത്രി ഹര്‍ഷ്വര്‍ദ്ധനും ട്വിറ്ററില്‍ നേര്‍ക്കുനേര്‍ വാഗ്വാദത്തിലേര്‍പ്പെട്ടു.
വാക്‌സിന്‍ വിശ്വസനീയതയും ഫലപ്രാപ്തിയും ഉള്ളതാണെങ്കില്‍, ഒരു സര്‍ക്കാര്‍ പ്രതിനിധി പോലും വാക്‌സിന്‍ കുത്തിവെപ്പെടുക്കാന്‍ മുന്നോട്ട് വരാത്തത് എന്തുകൊണ്ടാണെന്ന് മനീഷ് തിവാരി ചോദിച്ചു. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും സര്‍ക്കാര്‍ പ്രതിനിധികളാണ് ആദ്യം വാക്‌സിന്‍ എടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
'കോവാക്‌സിന്റെ ഫലപ്രാപ്തിയും സുരക്ഷയും സംബന്ധിച്ച് നിരവധി ഡോക്ടര്‍മാര്‍ ആപല്‍സൂചനകളും മുന്നണറിയിപ്പുകളും നല്‍കിയിട്ടുണ്ട്. ഏത് വാക്‌സിന്‍ കുത്തിവെക്കണമെന്ന് ജനങ്ങള്‍ തീരുമാനിക്കാനാകില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഇത് മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണ്.' തിവാരി പറഞ്ഞു.
തദ്ദേശീയമായി വികസിപ്പിച്ച കോവാക്‌സിന്റെ ഫലപ്രാപ്തിയില്‍ നേരത്തെയും മനീഷ് തിവാരി സംശയം ഉന്നയിച്ചിരുന്നു. മൂന്നാം ഘട്ട പരീക്ഷണം പൂര്‍ത്തിയാക്കാതെ തിടുക്കപ്പെട്ടാണ് സര്‍ക്കാര്‍ കോവാക്‌സിന്‍ അനുമതി നല്‍കിയത് എന്നാണ് അദ്ദേഹം പങ്കുവെക്കുന്ന ആശങ്ക.
ഇന്ന് വാക്‌സിനേഷന്റെ ഉദ്ഘാടനവേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇത്തരം ആരോപണങ്ങളോട് പ്രതികരിച്ചു. 'വാക്‌സിനുകള്‍ക്ക് ശരിയായ ഫലപ്രാപ്തിയുണ്ടെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമാണ് നമ്മുടെ ഗവേഷകര്‍ വാക്‌സിന്റ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയത്.' വാക്‌സിന്‍ ഫലപ്രാപ്തിയെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ക്ക് ചെവികൊടുക്കരുതെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
പ്രശസ്ത ഇംഗ്ലീഷ് എഴുത്തുകാരന്‍ ചാള്‍സ് കാലേബ് കോള്‍ട്ടന്‍റെ വാക്കുകള്‍ കടമെടുത്താണ് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ്വര്‍ദ്ധന്‍ ട്വിറ്ററില്‍ മനീഷ് തിവാരിയുടെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിയത്. 'രക്ഷിക്കപ്പെടുന്നതിനേക്കാള്‍ കൂടുതല്‍ നാശനഷ്ടങ്ങള്‍ അനുഭവിക്കേണ്ടിവരുമെന്ന നമ്മുടെ താത്പര്യത്താല്‍ നാം അന്ധരാണ്.' ആരോഗ്യമന്ത്രി ട്വിറ്ററില്‍ കുറിച്ചു. 'കോണ്‍ഗ്രസിനും മനീഷ് തിവാരിക്കും അവിശ്വാസങ്ങളും കിംവദന്തികളും പ്രചരിപ്പിക്കുന്നതില്‍ താത്പര്യങ്ങളുണ്ട്. നിങ്ങളുടെ കണ്ണുകള്‍ തുറക്കുക, പ്രശസ്ത ഡോക്ടര്‍മാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും കുത്തിവെപ്പെടുക്കുന്ന ചിത്രങ്ങള്‍ കാണുക.' ഹര്‍ഷ്വര്‍ദ്ധന്‍ വ്യക്തമാക്കി.
ട്വിറ്ററിലൂടെ തന്നെ മനീഷ് തിവാരി ഇതിന് മറുപടി നല്‍കി. 'ഞാന്‍ പങ്കുവെച്ച ആശങ്കകള്‍ യാഥാര്‍ത്ഥ്യമാണ്. സങ്കല്‍പ്പിച്ചെടുത്തതല്ല. കിംവദന്തി പറഞ്ഞ് ഭയപ്പെടുത്തുകയല്ല. എന്താണ് നോര്‍വെയില്‍ സംഭവിക്കുന്നതെന്ന് നോക്കൂ. അത് വ്യത്യസ്ത വാക്‌സിനാകാം. എന്നാലും വാക്‌സിന്‍ ദേശീയതയ്ക്ക് പിന്നില്‍ ഒളിപ്പിക്കരുത്.' തിവാരി പറഞ്ഞു.
വാക്‌സിനുകള്‍ക്ക് പിന്നിലെ ശാസ്ത്രം ദൃഢതയാര്‍ന്നതാണെന്ന് ഹര്‍ഷ്വര്‍ദ്ധന്‍ ഇതിനോട് പ്രതികരിച്ചു. ഒരു വാക്‌സിന്‍ വികസിപ്പിക്കുന്നതിന് വേണ്ട പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിന് നമ്മുടെ ശാസ്ത്രജ്ഞര്‍ മിന്നല്‍വേഗത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അതേസമയം, ഒരു പ്രവര്‍ത്തനം പോലും ഒഴിവാക്കിയിട്ടില്ല. എല്ലാറ്റിനുമുപരിയായി സുരക്ഷയാണ് മാര്‍ഗ്ഗനിര്‍ദ്ദേശ തത്വമെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.
താങ്കളുടെ വാക്കുകള്‍ താന്‍ വ്യക്തിപരമായി അംഗീകരിക്കുന്നുവെന്നും എന്നാല്‍, കോവാക്‌സിന്റെ സുരക്ഷിതത്വത്തിലും ഫലപ്രാപ്തിയിലും ആരോഗ്യ വിദഗ്ദ്ധര്‍ക്കിടയില്‍ ഇത്രയധികം ഭിന്നത എന്തുകൊണ്ടാണെന്നും തിവാരി ചോദിച്ചു.
Content Highlights: Manish Tewari criticises vaccination drive, questions efficacy of vaccines