
മനീഷ് തിവാരി| Photo: ANI
ന്യൂഡൽഹി: നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസിന്റെ മുതിർന്ന നേതാവ് മനീഷ് തിവാരി. ഉത്തരാഖണ്ഡിൽ പാർട്ടിയെ വെട്ടിലാക്കി കോൺഗ്രസ് മുതിർന്ന നേതാവും ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രിയുമായിരുന്ന ഹരീഷ് റാവത്ത് രംഗത്തെത്തിയതിന് പിന്നാലെയാണ് കോൺഗ്രസ് നേതാവ് മനീഷ് തിവാരിയും പാർട്ടിക്കെതിരെ വിമർശനവുമായി രംഗത്തെത്തിയത്. പാർട്ടി ഏറ്റവുമധികം പ്രതിസന്ധി നേരിട്ട അസം, പഞ്ചാബ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളെ ചൂണ്ടിക്കാട്ടിയായിരുന്നു മനീഷ് തിവാരിയുടെ ട്വീറ്റ്.
ആദ്യം അസം, പിന്നെ പഞ്ചാബ് ഇപ്പോൾ ഉത്തരാഖണ്ഡും. ഒരു തെളിവു പോലുമില്ലാത്ത രീതിയിൽ പാർട്ടി രാജ്യത്ത് നിന്ന് അപ്രത്യക്ഷമാകുമെന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.
താൻ പിന്തുടരുന്നവർ തന്റെ കൈയ്യും കാലും കെട്ടിയിട്ടിരിക്കുന്നു എന്നാരോപിച്ചു കൊണ്ടായിരുന്നു കോൺഗ്രസ് നേതൃത്വത്തിനെതിരെ ഹരീഷ് റാവത്ത് രംഗത്തെത്തിയത്. ഇതിന് പിന്നാലെ ഉത്തരാഖണ്ഡിലെ പാര്‍ട്ടിയുടെ പ്രധാനപ്പെട്ട നേതാക്കളെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നു. എന്നാൽ പാർട്ടിയെ വെട്ടിലാക്കി മനീഷ് തിവാരി കൂടി രംഗത്തെത്തിയത് കൂടുതൽ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
നിലവിലെ അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ 2016-ലാണ് ബിജെപിയിൽ ചേരുന്നത്. സമാന രീതിയിലായിരുന്നു പഞ്ചാബിലും സംഭവിച്ചത്. പഞ്ചാബ് മുൻ മുഖ്യമന്ത്രി ആയിരുന്ന അമരീന്ദർ സിങ് പാർട്ടിയോട് ഇടഞ്ഞ് പുതിയ പാർട്ടി രൂപവത്കരിച്ചിരുന്നു. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനിടെ ഉത്തരാഖണ്ഡിലും കോൺഗ്രസ് പ്രതിസന്ധി നേരിടുകയാണ്. കോൺഗ്രസ് നേതാവ് മനീഷ് തിവാരി പാർട്ടിയിൽ കലാപക്കൊടി ഉയർത്തിയതോടെ നേതൃത്വം വെട്ടിലായിരിക്കുകയാണ്.
Content Highlights: Manish Tewari attacks Cong leadership citing Assam, Punjab examples after Harish Rawat’s tweets
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..