ന്യൂഡൽഹി: ഡൽഹി സർക്കാരിന്റെ മൂന്നാംഘട്ട അണ്‍ലോക്ക് ഇളവുകളിലെ രണ്ട് നിർദേശങ്ങൾ റദ്ദാക്കിയ ലഫ്.ഗവർണർ അനിൽ ബൈയ്ജാലിന്റെ നടപടിയെ ചോദ്യം ചെയ്ത് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. തീരുമാനം മാറ്റണമെന്നും ഇളവുകൾ ഉടൻ അംഗീകരിക്കാൻ ലഫ്.ഗവർണറോട് നിർദേശിക്കണമെന്നും അഭ്യർഥിച്ച് മനീഷ് സിസോദിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു.
ഹോട്ടലുകൾ, ആഴ്ച ചന്തകൾ എന്നിവ തുറക്കാൻ തീരുമാനിച്ചുള്ള റിപ്പോർട്ട് ചൊവ്വാഴ്ച ലഫ്.ഗവർണറുടെ ഓഫീസിലേക്ക് വീണ്ടും അയക്കാൻ സർക്കാർ തയ്യാറെടുക്കുകയാണ്. ഇത്തവണ ലഫ്. ഗവർണർ സർക്കാർ നിർദേശങ്ങൾക്ക് അനുമതി നൽകുന്ന കാര്യം ഉറപ്പാക്കണമെന്നും അമിത് ഷായ്ക്ക് അയച്ച കത്തിൽ മനീഷ് സിസോദിയ ആവശ്യപ്പെട്ടു.
ഡൽഹിയിൽ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണ്. കോവിഡ് കേസുകൾ കുറഞ്ഞുവരുന്നു. രോഗവ്യാപനം വർധിക്കുന്ന യുപിയിലും കർണാടകയിലും ഹോട്ടലുകൾക്കും ആഴ്ച ചന്തകൾക്കും പ്രവർത്തിക്കാൻ അനുമതിയുണ്ടെന്നും സിസോദിയ കത്തിൽ ചൂണ്ടിക്കാണിച്ചു. കോവിഡ് വ്യാപനം മികച്ച രീതിയിൽ പ്രതിരോധിച്ച ഒരു സംസ്ഥാനത്തെ സാമ്പത്തിക മേഖല അടച്ചിടാൻ നിർബന്ധിക്കുന്നത് ഉൾക്കൊള്ളാനാവുന്നില്ലെന്നും സിസോദിയ വ്യക്തമാക്കി.
ഹോട്ടലുകൾ തുറക്കാനും ആഴ്ചച്ചന്തകൾ ഒരാഴ്ചത്തേക്ക് പരീക്ഷണാടിസ്ഥാനത്തിൽ തുറക്കാനുമുള്ള സർക്കാർ തീരുമാനം കഴിഞ്ഞ ദിവസമാണ് ലഫ്.ഗവർണർ തടഞ്ഞത്. കെജ്‌രിവാള്‍ സർക്കാരിന്റെ നടപടികളിൽ നേരത്തേയും നിരവധി തവണ ലഫ്.ഗവർണർ അനിൽ ബൈയ്ജാൽ അഭിപ്രായ ഭിന്നത പ്രകടിപ്പിച്ചിരുന്നു.
content highlights:Manish Sisodia Writes To Amit Shah After Lt Governor Blocks Unlock3 Move