മനീഷ് സിസോദിയ (ഫയൽ ചിത്രം) ഫോട്ടോ: പിടിഐ
ന്യൂഡല്‍ഹി: മദ്യനയവുമായി ബന്ധപ്പെട്ട കേസില്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തു. കേസില്‍ ഇന്ന് രാവിലെ മുതല്‍ അദ്ദേഹത്തെ ചോദ്യം ചെയ്തുവരികയായിരുന്നു. വൈകീട്ടോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
സിസോദിയയെ ഇന്ന് അറസ്റ്റ് ചെയ്യപ്പെട്ടേക്കുമെന്ന ഊഹാപോഹങ്ങള്‍ക്കിടെ ആം ആദ്മി പാര്‍ട്ടി വലിയ പ്രതിഷേധ പരിപാടികളാണ് രാജ്യതലസ്ഥാനത്ത് സംഘടിപ്പിച്ചിരുന്നത്.
കഴിഞ്ഞയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അസൗകര്യം ചൂണ്ടിക്കാട്ടി സിസോദിയ സമയം മാറ്റിച്ചോദിച്ചിരുന്നു.പിന്നീടാണ് 26-ന് ഹാജരാകാന്‍ സി.ബി.ഐ. ആവശ്യപ്പെട്ടത്. ഒക്ടോബറിലായിരുന്നു ഇതിനുമുമ്പ് സിസോദിയയെ സി.ബി.ഐ. ചോദ്യം ചെയ്തത്. കേസില്‍ ആദ്യംസമര്‍പ്പിച്ച കുറ്റപത്രത്തില്‍ അദ്ദേഹത്തിന്റെ പേരുണ്ടായിരുന്നില്ല.
മദ്യനയത്തിലെ ക്രമക്കേടുകളുടെപേരില്‍ സിസോദിയ അടക്കം 15 പേര്‍ക്കെതിരേയായിരുന്നു കേസെടുത്തിരുന്നത്. ഇ.ഡി.യും കേസന്വേഷിക്കുന്നുണ്ട്. മദ്യനയവുമായി ബന്ധപ്പെട്ട് സിസോദിയ അടക്കം ഇതുവരെ പത്തുപേര്‍ അറസ്റ്റിലായി.
സിസോദിയയെ നാളെ കോടതിയില്‍ ഹാജരാക്കുമെന്നാണ് സിബിഐ വൃത്തങ്ങള്‍ അറിയിക്കുന്നത്. താന്‍ ഏഴോ എട്ടോ മാസം ജയിലില്‍ കഴിയുമെന്ന് ചോദ്യം ചെയ്യലിന് മുന്നോടിയായി സിസോദിയ പറഞ്ഞിരുന്നു. സിസോദിയയുടെ കുടുംബത്തെ സംരക്ഷിക്കുമെന്ന് ഉറപ്പ് നല്‍കുന്നതായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും അറിയിക്കുകയുണ്ടായി.
ജയിലില്‍ പോകുന്ന ഡല്‍ഹിയിലെ രണ്ടാമത്തെ മന്ത്രിയാണ് സിസോദിയ. മറ്റൊരു കേസില്‍ ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിന്‍ നിലവില്‍ ജയില്‍വാസത്തിലാണ്.
2021ല്‍ അവതരിപ്പിച്ച ഡല്‍ഹി മദ്യവില്‍പ്പന നയവുമായി ബന്ധപ്പെട്ടാണ് സിബിഐ അന്വേഷണം. ഡല്‍ഹി എക്സൈസ് നയം രൂപീകരിക്കുന്നതിലും നടപ്പാക്കിയതിലുമുള്ള ക്രമക്കേടുകളില്‍ സിബിഐ അന്വേഷണത്തിന് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്സേനയാണ് ശുപാര്‍ശ ചെയ്തത്.
മദ്യഷാപ്പുകള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നതിന് കൈക്കൂലി ഇടപാടുകള്‍ നടന്നുവെന്നാണ് പ്രധാന ആരോപണം. വിവാദങ്ങള്‍ക്കിടെ നയം എഎപി സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു.
Content Highlights: Manish Sisodia arrested by CBI in Delhi liquor policy case
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..