പ്രതിഷേധക്കാർ അഗ്നിക്കിരയാക്കിയ വാഹനത്തിൽ നിന്നും പുക ഉയരുന്നു | Photo:AFP
ഇംഫാല്‍: സംഘര്‍ഷം തുടരുന്ന മണിപ്പുരില്‍ ജനജീവിതം ദുസ്സഹമെന്ന് റിപ്പോര്‍ട്ടുകള്‍. മരുന്നുകളുള്‍പ്പടെയുള്ള അവശ്യസാധനങ്ങള്‍ക്ക് കടുത്ത ക്ഷാമം നേരിടുകയാണ്. പെട്രോള്‍ പമ്പുകളിലും ക്രമാതീതമായ തിരക്കാണ് അനുഭവപ്പെടുന്നത്. അതോടെ കരിഞ്ചന്തയില്‍ പെട്രോളിന് ലിറ്ററിന് 200 രൂപയായി ഉയര്‍ന്നു.
മണിപ്പുരില്‍ ഗോത്രവിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലാരംഭിച്ചിട്ട് ഒരു മാസം പിന്നിടുകയാണ്. സംസ്ഥാനത്തെ പ്രബല ഗോത്രവിഭാഗങ്ങളായ മെയ്തികളും കുക്കികളും തമ്മില്‍ ഏറ്റുമുട്ടലില്‍ ഇതുവരെ 98 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. പരിക്കേറ്റവരുടെ എണ്ണം 310 കടന്നു. മെയ്തികളെ പട്ടികവിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ടായിരുന്നു സംഘര്‍ഷത്തിന്റെ തുടക്കം.
സംഘര്‍ഷത്തില്‍ കനത്ത നാശനഷ്ടമാണ് ഇരുവിഭാഗത്തിനുമുണ്ടായത്. ഒട്ടേറെ വീടുകളും വാഹനങ്ങളും തീവെച്ചും മറ്റും നശിപ്പിച്ചു. വിരവധി പേര്‍ക്ക് സ്വന്തം വീടുകളുപേക്ഷിച്ച് മണിപ്പുരിലും അതിര്‍ത്തി പ്രദേശങ്ങളിലുമായുള്ള ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയം പ്രാപിക്കേണ്ടി വന്നു. ഇന്റര്‍നെറ്റ് റദ്ദാക്കിയിട്ട് ഏതാണ്ട് ഒരു മാസത്തോളമായി. കര്‍ഫ്യൂ അനിശ്ചിതമായി നീണ്ടു കൊണ്ടുമിരിക്കുന്നു.
പല പ്രദേശങ്ങളിലും അക്രമങ്ങള്‍ തുടരുന്നതോടെ അവശ്യസാധനങ്ങളുടെ ലഭ്യതക്കുറവ് കാരണം വലയുകയാണ് ജനങ്ങള്‍. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ഇംഫാലിലേക്കുള്ള രണ്ടാം നമ്പര്‍ ദേശീയ പാത സൈന്യം അടച്ചതോടെ മണിപ്പുരിലേക്കുള്ള ചരക്കു ലോറികളുടെ വരവ് നിന്നു. ഇതാണ് പ്രതിസന്ധി ഇത്രയും രൂക്ഷമാക്കിയത്. ഒറ്റ രാത്രി കൊണ്ട് പല സാധനങ്ങളുടേയും വില ഇരട്ടിയായി ഉയര്‍ന്നു. കിലോയ്ക്ക് 30 രൂപ നിരക്കില്‍ ലഭ്യമായിരുന്ന അരിയുടെ വില 60 ആയി ഉയര്‍ന്നു. സവാളയുടെ വില 35-ല്‍ നിന്നും 70 ആയി. ഉരുളന്‍കിഴങ്ങിന്റെ വിപണിവില 15-ല്‍ നിന്നും 40 ആയി ഉയര്‍ന്നു. മുട്ടയ്ക്ക് ആറില്‍ നിന്നും പത്തായി. എണ്ണവില ഉയര്‍ന്ന് 280-ഓളമായി. ഇത്തരത്തില്‍ പല വസ്തുക്കളുടേയും വില താങ്ങാനാകാത്തതാണ്.
പെട്രോള്‍ പമ്പുകളില്‍ മണിക്കൂറുകള്‍ ക്യൂ നിന്നാലും ഇന്ധനം ലഭിക്കാത്ത അവസ്ഥയാണ്. പമ്പുകളില്‍ തിരക്കേറിയതോടെ കരിഞ്ചന്തയില്‍ പെട്രോള്‍ വില 200 കടന്നു. പല പമ്പുകളും ഇന്ധനം തീര്‍ന്നതോടെ പൂട്ടിയിട്ടു. തുറന്നു പ്രവര്‍ത്തിക്കുന്ന വിരലിലെണ്ണാവുന്ന പമ്പുകളില്‍ കിലോമീറ്ററുകളോളം നീളുന്ന ക്യൂവാണ്.
എന്നാല്‍ ജനങ്ങളെ ഏറെ ദുരിതത്തിലാക്കിയത് അത്യാവശ്യ മരുന്നുകളുടെ ക്ഷാമമാണ്. ക്ഷാമം മുന്നില്‍ കണ്ട് ജനങ്ങള്‍ പരിഭ്രാന്തരായി മരുന്നുകള്‍ വാങ്ങിക്കൂട്ടിയത് അവസ്ഥ കൂടുതല്‍ പരിതാപകരമാക്കി. ദുരിതാശ്വാസ ക്യാമ്പുകളില്‍ ആളുകള്‍ കൂട്ടത്തോടെ അസുഖബാധിതരാകുന്നത് വലിയ ആശങ്കകള്‍ സൃഷ്ടിക്കുന്നുണ്ട്. വാക്‌സീന്‍ ലഭിക്കാത്ത നിരവധി നവജാത ശിശുക്കളും ക്യാമ്പുകളിലുണ്ട് എന്നതും ഗുരുതരമായ പ്രശ്‌നമാണ്.
അതിനിടെ എ.ടി.എമ്മുകളെല്ലാം കാലിയായി. ഇന്റര്‍നെറ്റ് സേവനവും റദ്ദാക്കിയതോടെ പണമില്ലാതെ ആളുകള്‍ കടുത്ത ബുദ്ധിമുട്ടിലാണ്. കര്‍ഫ്യൂവിനിടെയില്‍ ഏതാനും മണിക്കൂറുകള്‍ ബാങ്കുകള്‍ തുറന്നു പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ ഇവിടെയും തിരക്ക് രൂക്ഷമായതോടെ പണം ലഭിക്കാതെ പലര്‍ക്കും മടങ്ങേണ്ട അവസ്ഥയാണ്.
മണിപ്പുരിൽ കേന്ദ്ര സർക്കാർ ജഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കുക്കി ഗോത്രവര്‍ഗ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് ഗോത്രവര്‍ഗ നേതാക്കള്‍ക്ക് ഉറപ്പുനല്‍കിയെന്നാണ് സൂചന. മണിപ്പുരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുക, ഗോത്രവര്‍ഗക്കാര്‍ക്കു വേണ്ടി പ്രത്യേക ഭരണസംവിധാനം ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ നേതാക്കള്‍ ചര്‍ച്ചയില്‍ ഉന്നയിച്ചെന്നാണ് വിവരം. ചൂരാചന്ദ്പുര്‍ ജില്ലയിലായിരുന്നു ചര്‍ച്ച നടന്നത്.
സ്ഥിതി സാധാരണഗതിയിലേക്ക് തിരികെ വരുന്നതിനും ചര്‍ച്ചകള്‍ മുന്നോട്ടു കൊണ്ടുപോകുന്നതിനും ചുരുങ്ങിയത് രണ്ടാഴ്ചത്തേക്കെങ്കിലും സമാധാനം ഉറപ്പുവരുത്തണമെന്ന് അമിത് ഷാ, നേതാക്കളോട് അഭ്യര്‍ഥിച്ചിരുന്നു. അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട ആറ് കേസുകള്‍ സിബിഐ അന്വേഷിക്കും. സംഘര്‍ഷത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപവീതം നഷ്ടപരിഹാരവും നല്‍കും. മണിപ്പുരില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ നടത്തിയ ശ്രമങ്ങള്‍ക്ക് പിന്നാലെ കലാപത്തിനിടെ സുരക്ഷാസേനകളുടെ പക്കല്‍നിന്ന് നഷ്ടപ്പെട്ട ആയുധങ്ങളില്‍ 140 എണ്ണം മോഷ്ടിച്ചവര്‍തന്നെ അധികൃതരെ തിരിച്ചേല്‍പ്പിക്കുകയും ചെയ്തു
Content Highlights: manipur violence, price of essential commodities including petrol rises and atms go cashless


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..