സംഘർഷബാധിത പ്രദേശങ്ങളിൽനിന്ന് സൈന്യം ജനങ്ങളെ ഒഴിപ്പിക്കുന്നു | Photo - ANI
ഇംഫാല്‍: വ്യാപക അക്രമ സംഭവങ്ങള്‍ അരങ്ങേറിയ മണിപ്പുരില്‍ അസം റൈഫിള്‍സും സൈന്യവും ചേര്‍ന്ന് 23,000 പേരെ സംഘര്‍ഷബാധിത പ്രദേശങ്ങളില്‍നിന്ന് ഒഴിപ്പിച്ചു. ഇവരെ സൈനിക ക്യാമ്പുകളിലേക്കും മറ്റ് സുരക്ഷിത കേന്ദ്രങ്ങളിലേക്കും മാറ്റിപ്പാര്‍പ്പിച്ചു. രക്ഷാപ്രവര്‍ത്തനം തുടരുന്നതിനിടെ ഇതുവരെ പ്രദേശത്ത് മറ്റ് അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്നത് ആശ്വാസകരമാണെന്ന് സൈന്യം അറിയിച്ചു. കര്‍ഫ്യൂ സമയം രാവിലെ 7 മണി മുതല്‍ 10 വരെയായി ചുരുക്കിയിട്ടുമുണ്ട്.
അസം റൈഫിള്‍സിന്റെയും സൈന്യത്തിന്റെയും 120-ലധികം യൂണിറ്റുകളെയാണ് വിവിധ ഭാഗങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിനായി വിന്യസിച്ചിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറായി സൈന്യത്തിന്റെ ശക്തമായ നിരീക്ഷണത്തിലാണ് പ്രദേശം. പ്രദേശത്ത് സൈന്യം വ്യോമനിരീക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഹെലികോപ്റ്ററുകള്‍ ഉള്‍പ്പടെ ഉപയോഗിച്ചാണ് വ്യോമനിരീക്ഷണം. സൈന്യത്തിന്റെ കനത്ത സുരക്ഷയിലാണ് ഇംഫാല്‍ താഴ്‌വരയുള്‍പ്പെട്ട പ്രദേശം
കലാപത്തില്‍ ഇതുവരെ 55-ലധികം ആളുകള്‍ കൊല്ലപ്പെട്ടതായാണ് പുറത്തു വരുന്ന വിവരം. ഏതാണ്ട് 1500 പേരോളം അസമിന്റെ അതിര്‍ത്തിമേഖലകളില്‍ അഭയം പ്രാപിച്ചിട്ടുമുണ്ട്. മണിപ്പുരില്‍ നിന്നുള്ള അഭയാര്‍ഥികള്‍ക്കായി എട്ടോളം ക്യാമ്പുകളാണ് അസം സര്‍ക്കാര്‍ സജ്ജമാക്കിയിരിക്കുന്നത്.
സിക്കിമില്‍ നിന്നും ത്രിപുരയില്‍ നിന്നുമുള്ള വിദ്യാര്‍ഥികളുള്‍പ്പടെയുള്ളവരെ ഇരു സംസ്ഥാനങ്ങളും രക്ഷപ്പെടുത്തി. മണിപ്പുരില്‍ കുടുങ്ങിയ മലയാളികളെ അടിയന്തരമായി നാട്ടിലെത്തിക്കണമെന്ന് കോണ്‍ഗ്രസ് നേതൃത്വം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പ്രധാനമന്ത്രിയ്ക്ക്് കത്തെഴുതി.
Content Highlights: manipur violence, civilians rescued
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..