അധികൃതരുടെ പക്കൽ തിരിച്ചേൽപ്പിച്ച ആയുധങ്ങൾക്ക് സമീപം സുരക്ഷാ ഉദ്യോഗസ്ഥർ | Photo - PTI
ന്യൂഡല്‍ഹി: മണിപ്പൂരിലെ കലാപത്തിനിടെ സുരക്ഷാസേനകളുടെ പക്കല്‍നിന്ന് നഷ്ടപ്പെട്ട ആയുധങ്ങളില്‍ 140 എണ്ണം മോഷ്ടിച്ചവര്‍തന്നെ അധികൃതരെ തിരിച്ചേല്‍പ്പിച്ചു. മണിപ്പുരില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ നടത്തിയ ശ്രമങ്ങള്‍ക്ക് പിന്നാലെയാണിത്.
സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലായി 140 ആയുധങ്ങളാണ് തിരിച്ചേല്‍പ്പിക്കപ്പെട്ടതെന്ന് പോലീസ് അറിയിച്ചു. തോക്ക്, കണ്ണീര്‍വാതക ഷെല്ലുകള്‍ എന്നിവ ഉള്‍പ്പെടെയുള്ളവയാണ് തിരിച്ചെത്തിയത്. 2000-ത്തോളം ആയുധങ്ങളാണ് കലാപത്തിനിടെ മോഷ്ടിക്കപ്പെട്ടത് എന്നാണ് വിവരം. എ.കെ 47 തോക്കുകള്‍, ഇന്‍സാഫ് റൈഫിളുകള്‍, സ്റ്റെന്‍ ഗണ്ണുകള്‍, ഗ്രനേഡ് ലോഞ്ചറുകള്‍ തുടങ്ങിയവ തിരിച്ചേല്‍പ്പിക്കപ്പെട്ടവയില്‍ ഉള്‍പ്പെടുന്നു.
നിരവധി ജില്ലകള്‍ നിലവില്‍ സാധാരണ നിലയിലേക്ക് തിരിച്ചെത്തി. ഇംഫാല്‍ വെസ്റ്റ്, ഇംഫാല്‍ ഈസ്റ്റ്, ബിഷന്‍പുര്‍ ജില്ലകളില്‍ രാവിലെ അഞ്ചുമുതല്‍ വൈകീട്ട് അഞ്ചുവരെയായി 12 മണിക്കൂറായി കര്‍ഫ്യൂവില്‍ ഇളവുവരുത്തി. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പലയിടങ്ങളിലും പതിനൊന്നും പത്തും എട്ടും ഏഴും മണിക്കൂറുകളായി കര്‍ഫ്യൂ ലഘൂകരിച്ചിട്ടുണ്ട്. അതേസമയം ചിലയിടങ്ങളില്‍ കര്‍ഫ്യൂ പൂര്‍ണമായും എടുത്തുകളഞ്ഞു.
മണിപ്പുരില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ ലക്ഷ്യമിട്ട് അമിത്ഷാ നാലുദിവസം മണിപ്പുരില്‍ ക്യാമ്പ് ചെയ്ത് പ്രവര്‍ത്തിച്ചിരുന്നു. അന്യോന്യം കലഹിക്കാതെ സമാധാനം പുനഃസ്ഥാപിക്കാന്‍ സന്ദര്‍ശനത്തിന്റെ അവസാന ദിവസം ഇംഫാലില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ അമിത് ഷാ അഭ്യര്‍ഥിച്ചിരുന്നു. കൂടാതെ കൈവശമുള്ള ആയുധങ്ങള്‍ താഴെ വെയ്ക്കാനും അല്ലാത്ത പക്ഷം പിടികൂടുന്ന മുറയ്ക്ക് കനത്ത ശിക്ഷാ നടപടികള്‍ നേരിടേണ്ടിവരുമെന്നും അമിത്ഷാ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.
Content Highlights: manipur violence, amit shah visit, weapons surrendered
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..