ഇംഫാല്‍: മണിപ്പൂരില്‍ യുവാവിനു നേരെ ആള്‍ക്കൂട്ട ആക്രമണം നടക്കുമ്പോള്‍ കാഴ്ചക്കാരായി നിന്ന പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. സംഭവത്തില്‍ കുറ്റകരമായ അനാസ്ഥ കാട്ടിയ നാലു പോലീസുകാര്‍ക്കെതിരെയാണ് നടപടി.

ഇംഫാല്‍ വെസ്റ്റ് ജില്ലയില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. വാഹന മോഷ്ടാവെന്ന് ആരോപിച്ച് 26 കാരനായ യുവാവിനെ ആള്‍ക്കൂട്ടം ആക്രമിക്കുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ സ്ഥലത്തുണ്ടായിരുന്ന പോലീസുകാര്‍ അതില്‍ ഇടപെടുകയോ അക്രമികളെ തടയുകയോ ചെയ്തില്ല. അക്രമത്തില്‍ യുവാവിന് ഗുരുതരമായി പരിക്കേറ്റു.

അക്രമ സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതിനെ തുടര്‍ന്നാണ് പോലീസുകാര്‍ക്കെതിരെ നടപടിയുണ്ടായത്. എസ്‌ഐ അടക്കം നാല് പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തതായി ഇംഫാല്‍ വെസ്റ്റ് എസ്പി ജോഗേശ്വര്‍ ഹോബിജം പറഞ്ഞു.

തൗബല്‍ സ്വദേശിയായ ഫറൂഖ് ഖാന്‍ എന്ന യുവാവാണ് മര്‍ദ്ദനത്തിനിരയായത്. ഇരുചക്ര വാഹനം മോഷ്ടിച്ചെന്ന് ആരോപിച്ചെന്ന സംശയത്തെ തുടര്‍ന്നാണ് ആള്‍ക്കൂട്ടം ഇയാള്‍ക്കെതിരെ കടുത്ത ആക്രമണം അഴിച്ചുവിട്ടത്. ഫറൂഖിനൊപ്പമുണ്ടായിരുന്ന മറ്റു രണ്ടുപേര്‍ രക്ഷപ്പെട്ടു. ഇവരുടേതെന്ന സംശയത്തില്‍ അക്രമികള്‍ ഒരു കാറിന് തീയിടുകയും ചെയ്തു.

സംഭവം വലിയ വിവാദമായതോടെ നിരവധി സംഘടനകള്‍ പ്രതിഷേധ സമരവുമായി രംഗത്തെത്തി. മനുഷ്യാവകാശ കമ്മീഷന്‍ കേസെടുക്കുകയും പോലീസിനോട് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ അഞ്ചു പേര്‍ അറസ്റ്റിലായിട്ടുണ്ട്.

Content Highlights: Manipur lynching; 4 policemen suspended, mob lynching, Imphal