തുപുലിൽ അപകടമുണ്ടായ സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു | Photo: PTI
നോനി (മണിപ്പുര്‍): മണിപ്പുരില്‍ വ്യാഴാഴ്ച പുലര്‍ച്ചെയുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരണസംഖ്യ ഉയരുന്നു. നോനെയിലുണ്ടായ മണ്ണിടിച്ചിലില്‍ 81 പേര് മരിച്ചതായി മുഖ്യമന്ത്രി എന്‍.ബിരേന്‍ സിങ് അറിയിച്ചു. 55 പേരെ ഇനിയും കണ്ടെത്താനുണ്ട്. ടെറിട്ടോറിയല്‍ ആര്‍മി ജവാന്മാരുള്പ്പെടെ 18 പേരെ രക്ഷപെടുത്തി. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമാണ് സംഭവിച്ചതെന്നും രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാകാനും മണ്ണിനടിയില്‍പ്പെട്ട മൃതദേഹങ്ങള്‍ കണ്ടെത്താനും മൂന്നുദിവസമെടുക്കുമെന്നും ബിരേന്‍ സിങ് പറഞ്ഞു.
നോനി ജില്ലയിലെ തുപുലില്‍ റെയില്‍വേ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്ന യാര്‍ഡിലായിരുന്നു അപകടമുണ്ടായത്. ടെറിട്ടോറിയല്‍ ആര്‍മി ക്യാമ്പും ഇവിടെയായിരുന്നു. മരിച്ചവരില്‍ 10 പേര് ടെറിട്ടോറിയല്‍ ആര്‍മി ജവാന്മാരാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ ഒമ്പതുപേര്‍ ബംഗാള്‍ സ്വദേശികളാണ്. മണ്ണിനടിയില്‍നിന്ന് വെള്ളിയാഴ്ച വൈകീട്ടുവരെ 29 പേരെയാണ് പുറത്തെത്തിച്ചത്. ഇതില്‍ 20 പേര് മരിച്ചതായി പോലീസ് അറിയിച്ചിരുന്നു. ബാക്കിയുള്ളവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.
അസം റൈഫിള്‍, ടെറിട്ടോറിയല്‍ ആര്‍മി, ദുരന്തനിവാരണസേന എന്നിവയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം വെള്ളിയാഴ്ചയും തുടര്‍ന്നു. ഗ്രാമീണരും സൈനികരും റെയില്‍വേ ജീവനക്കാരുമടക്കം അറുപതോളംപേര്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് സംശയിക്കുന്നത്. ഉരുള്‍പൊട്ടലിന്റെ ശക്തിയില്‍ മണ്ണും പാറയും ഇടിഞ്ഞെത്തി ഇജേയി നദിയുടെ ഒഴുക്കു തടസ്സപ്പെട്ടത് താഴ്ന്നപ്രദേശങ്ങളില്‍ പ്രളയത്തിന് കാരണമായി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..